ഇടുക്കി: പുല്ലുപാറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം. മാവേലിക്കര സ്വദേശികളായ അരുൺ ഹരി, രമ മോഹൻ, സംഗീത് എന്നിവരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു.
അപകടത്തിൽ മൂന്ന് പേർക്കും സാരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇവരുടെ മൃതദേഹങ്ങൾ മുണ്ടക്കയം ട്രസ്റ്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് മൃതദേഹങ്ങൾ വിട്ട് നൽകും. വീഴ്ചയിൽ മൂന്ന് പേരും ബസിനടിയിൽ പെടുകയായിരുന്നു. ജീവനക്കാർ ഉൾപ്പെടെ 34 പേരാണ് ബസിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ മറ്റുള്ളവർ കാഞ്ഞിരപ്പള്ളി ആശുപത്രിയിലും മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്. ആരോഗ്യനില ഗുരുതരമായി തുടരുന്ന രണ്ട് പേരെ പാലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വിനോദയാത്ര പോയ സംഘമാണ് അപകടത്തിൽപ്പെട്ടിരിക്കുന്നത്. തഞ്ചാവൂർ ക്ഷേത്രത്തിലേക്ക് പോയതായിരുന്നു സംഘം. മടങ്ങും വഴി പുല്ലുപാറയ്ക്ക് സമീപം ആയിരുന്നു അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് 30 അടിയോളം താഴ്ചയിലേക്ക് വീഴുകയായിരുന്നു.
ഇന്ന് രാവിലെ 6.15 ഓടെയായിരുന്നു അപകടം.
Discussion about this post