ഇടുക്കി: പുല്ലുപാറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരം നാലായി. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. മാവേലിക്കര സ്വദേശിനി ബിന്ദുവാണ് മരിച്ചത്. ബിന്ദുവിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ആശുപത്രിയിൽ എത്തിച്ച് അൽപ്പനേരത്തിന് ശേഷമായിരുന്നു മരണം സ്ഥിരീകരിച്ചത്. വീഴ്ചയിൽ ബിന്ദു ബസിനടിയിൽ പെട്ടിരുന്നു. മുണ്ടക്കയത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് ബിന്ദുവിന്റേത് ഉൾപ്പെടെ നാല് മൃതദേഹങ്ങളും സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.
ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം ഉണ്ടായത്. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്രികരുമായി പോയതായിരുന്നു കെഎസ്ആർടിസി. തിരിച്ചുവരും വഴി പുല്ലുപാറയ്ക്ക് സമീപത്തെ കൊക്കയിലേക്ക് ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
മൂന്ന് ജീവനക്കാർ ഉൾപ്പെടെ 34 പേർ ആയിരുന്നു ബസിൽ ഉണ്ടായിരുന്നത്. അപകടം ഉണ്ടായതിന്റെ കാരണം വ്യക്തമല്ല. ബ്രേക്ക് പൊട്ടിയതാകാം അപകടത്തിന് കാരണം എന്നാണ് ഡ്രൈവർ പറയുന്നത്. കൊക്കയിലേക്ക് മറിഞ്ഞ ബസ് മരത്തിൽ തങ്ങിനിന്നിരുന്നു. വിവരം അറിഞ്ഞെത്തിയ ഫയർഫോഴ്‌സ് ആയിരുന്നു ഇവരെ രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Discussion about this post