ആകാശത്തിൽ പല പല വ്യത്യസ്തമായ കാഴ്ചകൾ കാണാൻ സാധിക്കും. ഇത് കാണാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഇപ്പോഴിതാ ബഹിരാകാശ നിലയത്തിൽ നിന്നുള്ള ഒരു വീഡിയോയാണ് വൈറലാവുന്നത്. ധ്രുവദീപ്തി അഥവാ അറോറയുടെ വീഡിയോയാണ് എക്‌സിൽ പ്രചരിക്കുന്നത്. നാസയുടെ ബഹിരാകാശ യാത്രികൻ ഡോൺ പെറ്റിറ്റാണ് വീഡിയോ എക്സിൽ പങ്കിട്ടത്.
ഇതാ ധ്രുവദീപ്തിയ്ക്ക് മുകളിലൂടെ പറക്കുന്നു…. തീവ്രമായ പച്ചത്തിളക്കം എന്ന ക്യാപ്ഷനോടെയാണ് ഡോൺ പെറ്റിറ്റ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോക്ക് നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. മനോഹരമായ ആകാശനൃത്തമാണ് ഇതെന്നാണ് ഒരു എക്സ് യൂസർ വീഡിയോയ്ക്ക് താഴെ കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രകൃതി അവിശ്വസനീയമാണെന്ന് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നു.
നിലവിൽ ഐഎസ്എസിലെ ഫ്‌ളൈറ്റ് എഞ്ചിനീയറും എക്‌സ്‌പെഡിഷൻ 73 ക്രൂ അംഗവുമാണ് ഡോൺ പെറ്റിറ്റ്. 2024 സെപ്റ്റംബറിൽ റോസ്‌കോസ്മോസ് സോയൂസ് എംഎസ്-26 ബഹിരാകാശ പേടകത്തിലാണ് അദേഹം ബഹിരാകാശ നിലയത്തിൽ എത്തിച്ചേർന്നത്. ഇതിന് ശേഷം ഐഎസ്എസിൽ നിന്നുള്ള ആകർഷമായ വീഡിയോകളും ചിത്രങ്ങളും പെറ്റിറ്റ് എക്സിൽ പങ്കുവെയ്ക്കുന്നുണ്ട്.
ഭൂമിയുടെ കാന്തികമണ്ഡലവുമായി ഇടപെഴുകുന്ന സൗരകണികകൾ സൃഷ്ടിക്കുന്ന പ്രകൃതിദത്ത പ്രകാശ പ്രദർശനമാണ് ധ്രുവദീപ്തി അഥവാ അറോറ എന്ന പറയുന്നത്. ദക്ഷിണധ്രുവത്തിൽ അറോറ ഓസ്‌ട്രേലിസ് എന്നും ഉത്തരധ്രുവത്തിൽ അറോറ ബോറിയാലിസ് എന്നും ധ്രുവദീപ്തി എന്നറിയപ്പെടുന്നു. സൗരവാതം വഹിക്കുന്ന സൂര്യനിൽ നിന്നുള്ള ചാർജ്ജ് കണങ്ങൾ ഭൂമിയുടെ കാന്തികക്ഷേത്രവുമായി ഇടപഴകുകയും അന്തരീക്ഷത്തിലെ വാതകങ്ങളുമായി കൂട്ടിയിടിക്കുകയും ചെയ്യുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുക. അങ്ങനെയാണ് പച്ച, ചുവപ്പ്, നീല തുടങ്ങിയ വ്യത്യസ്തമായ നിറങ്ങൾ രാത്രി ആകാശത്തെ പ്രകാശിപ്പിക്കുന്നത്.
Discussion about this post