നാഗ്പൂർ: ഇന്ത്യയിൽ വീണ്ടും ഹ്യൂമൻ മെറ്റാപ്പ് ന്യൂമോെൈവറസ് (എച്ച്എംപിവി) രോഗബാധ. നാഗ്പൂരിലാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഏഴും പതിനാലും വയസുള്ള കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് എച്ച്എംപിവി രോഗബാധിതരുടെ എണ്ണം ഏഴായി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പനിയും ചുമയുമായ രണ്ട് കുട്ടികളെയും നഗരത്തിലെ രാംദാസ്‌പേഠ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇരുവർക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു. എച്ച്എംപിവി കേസുകളുടെ എണ്ണം ഉയരാൻ സാധ്യതയുള്ളതിനാൽ മഹാരാഷ്ട്ര സർക്കാർ കടുത്ത ജാഗ്രതയിലാണ്. ചുമ, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവ ഉള്ളവർ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. വൈറസിനെതിരായ പ്രതിരോധ നടപടികൾ സംബന്ധിച്ചുള്ള മാർഗനിർദേശങ്ങൾ ഉടനെ പുറത്തിറക്കും.
നേരത്തെ അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് മാസം പ്രായമുള്ള ആൺകുട്ടിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ബംഗളൂരുവിൽ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് കൂടാതെ, കൊൽക്കൊത്ത, ഗുജറാത്ത്, തമിഴ്‌നാട് എന്നിവിടങ്ങളിലും എച്ച്എംപിവി കേസുകൾ റിപ്പോർട്ട് ചയ്തിട്ടുണ്ട്.
എച്ച്എംപിവി കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പരിശോധന ഊർജിതമാക്കിയിട്ടഒണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വൻതോതിൽ രോഗവ്യാപനമില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Discussion about this post