ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യുന്നവയാണ് നട്‌സും ഡ്രൈ ഫ്രൂട്‌സുമെല്ലാം. നിരവധി പോഷക ഗുണങ്ങൾ ഇവയ്ക്കുണ്ട്. ബദാം, പിസ്ത, വാൽനട്ട്, ഉണക്ക മുന്തിരി, കാഷ്യൂ നട്‌സ് എന്നിവയെല്ലാം ഒരുപാട് ആരോഗ്യഗുണങ്ങൾ ഉള്ളവയാണ്. എന്നാൽ, ഇവയെല്ലാം കഴിക്കേണ്ട രീതിയിൽ തന്നെ കഴിച്ചാൽ മാത്രമേ അതിന്റേതായ ഗുണം ലഭിക്കുകയുള്ളൂ.
ചില നട്‌സ് നമ്മൾ കുതിർത്തു വേണം കഴിക്കാൻ. ബാദാം പോലെയുള്ള നട്‌സ് കുതിർത്ത് കഴിക്കുന്നതാണ് നല്ലത്. ബദാമിന്റെ കട്ടിയുള്ള തൊലി മൃദുലമാക്കാനും ഇതിന്റെ രുചി കൂട്ടാനും കുതിർത്ത് കഴിക്കുന്നതാണ് നല്ലത്. ശരീരം ബദാമിലെ പോഷകങ്ങൾ നന്നായി വലിച്ചെടുക്കാനും ഇത് സഹായിക്കും.
ബദാം പോലുള്ളവ കുതിർത്തി കഴിയ്ക്കുന്നത് ഇതിലെ ഫൈറ്റിക് ആസിഡ് എന്ന ഘടകം നീക്കാൻ നല്ലതാണ്. ശരീരം പോഷകങ്ങൾ വലിച്ചെടുക്കുന്നത് തടയാൻ ഇടയാക്കുന്ന ഒന്നാണ് ഫൈറ്റിക് ആസിഡ്. കശുവണ്ടിപ്പരിപ്പ്, പിസ്ത എന്നിവയിൽ ഫൈറ്റിക് ആസിഡ് തീരെ കുറവായതുകൊണ്ട് ഇവ കുതിർത്ത് കഴിക്കേണ്ട ആവശ്യമില്ല. ബദാം, വാൾനട്സ് എന്നിവ തലേന്ന് രാത്രി വെളളത്തിലിട്ട് കുതിർത്തി കഴിയ്ക്കണം. ഇവയിലെ തൊലിക്കടിയിലാണ് കൂടുതൽ പോഷകങ്ങൾ അടങ്ങിയിരിക്കുന്നത്. അതിനാൽ, ഇവ തൊലി കളയാതെ വേണം കഴിയ്ക്കാൻ.
ഉണക്കമുന്തിരിയും കുതിർത്ത് കഴിയ്ക്കുന്നതാണ് കൂടുതൽ നല്ലത്. ഉണക്കമുന്തിരിയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വെള്ളത്തിലിട്ട് കുതിരുമ്പോൾ ഇവയുടെ ഗുണം ഇരട്ടിയാകുന്നു. ഉണക്കമുന്തിരിയിലെ മിനറലുകളും ധാതുക്കളുമെല്ലാം കൂടുതൽ പ്രവർത്തനക്ഷമമാകുന്നു. ഇതിലെ പോഷകങ്ങൾ ശരീരത്തിന് ലഭിയ്ക്കുന്നു.
Discussion about this post