ഈ പ്രപഞ്ചത്തിൽ നടക്കുന്ന പല കാര്യങ്ങളും മനുഷ്യമനസിന് മനസിലാക്കാൻ കഴിയാത്തതും കണ്ടുപിടിക്കാൻ പറ്റാത്തതുമാണ്. ഇന്നും ഈ പ്രപഞ്ചത്തിലെ വിസ്മയങ്ങളെ കുറിച്ചുള്ള പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. എങ്കിലും ഇത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളും കണ്ടുപിടിക്കാനാവാത്ത പല നിഗൂഡതകളും ഈ ലോകത്ത് നടക്കുന്നുണ്ട്…
പ്രത്യേകിച്ചും ഉത്തരധ്രുവ മേഖലകളിൽ ഇത്തരത്തിൽ വിചിത്രമായ പല സംഭവവികാസങ്ങളും ഉണ്ടാകാറുണ്ട്. ഇതിന് മികച്ച ഉദാഹരങ്ങളാണ് ധ്രുവദീപ്തി ഉൾപ്പെടെയുള്ളവ. വടക്കൻ യൂറോപ്പിൽ ഉത്തരധ്രുവ മേഖലയോട് സമീപമുള്ള നോർവേ പരിസ്ഥിതി വൈവിധ്യവും സമുദ്രപര്യവേക്ഷണ ചരിത്രവുമുള്ള രാജ്യമാണ്.
സുന്ദരമായ മഞ്ഞുമലകളും തണുത്ത കാലാവസ്ഥയുമൊക്കെയുള്ള നോർവേയിലെ ട്രോൻഡെലാം കൗണ്ടിയിൽ ഉൾപ്പെടുന്ന ഗ്രാമമായ ഹെസ്ഡാലനിൽ വിചിത്രമായ ഒരു പ്രകാശം ഉടലെടുക്കാറുണ്ട്. ഇന്നും ഈ പ്രകാശത്തിന് പിന്നിലുള്ള നിഗൂഡത എന്താണെന്ന് കണ്ടുപിടിക്കാൻ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല.
1930 മുതൽ ഈ പ്രകാശം നോർവേയുടെ ആകാശത്ത് കണ്ടുവരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. 1981 ഡിസംബർ മുതലുള്ള മൂന്ന് വർഷങ്ങളിൽ ഈ പ്രകാശം കാണുന്നതിന്റെ തോത് കൂടിവന്നിരുന്നവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആഴ്ചയിൽ 15 മുതൽ 20 തവണ വരെ ഈ പ്രകാശം കണ്ടിരുന്നു.
എന്നാൽ, 2010 മുതൽ ഈ പ്രകാശം പ്രത്യക്ഷപ്പെടുന്നത് കുറഞ്ഞു. ഇപ്പോൾ വർഷത്തിൽ 10 മുതൽ 20 തവണ വരെ ഈ പ്രകാശം നോർവേയുടെ മാനത്ത് കണ്ടുവരുന്നുണ്ട്. 12 കിലോമീറ്റർ വരെ നീളത്തിലാണ് ഈ പ്രകാശം ആകാശത്ത് പ്രത്യക്ഷപ്പെടാറ് പതിവ്. രാത്രിയും പകലുമെന്നില്ലാതെ ഇത് കാണാൻ സാധിക്കാറുണ്ട്.
നല്ല വെള്ള നിറത്തിലോ ചുമപ്പ്, മഞ്ഞ നിറങ്ങളിലോ ഈ വെളിച്ചം കാണാറുണ്ട്. ചിലപ്പോൾ സെക്കന്റുകൾ മാത്രം പ്രത്യക്ഷപ്പെടുന്ന ഈ വെളിച്ചം ചിലപ്പോൾ മണിക്കൂറുകൾ നീണ്ടു നിൽക്കാറുണ്ട്. ചിലപ്പോൾ അതിവേഗത്തിലും ചിലപ്പോൾ വളരെ പതിയെയും ആണ് ഇത് നീങ്ങാറുണ്ട്. ചിലപ്പോൾ ഇത് അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നത് പോലെയും തോന്നാറുണ്ട്.
മിറാഷ് പ്രതിഭാസമാണ് ഇതെന്നാണ് ചിലർ ഇതിനെ കുറിച്ച് പറയുന്നത്. വിമാനങ്ങളുടെയും മറ്റും പ്രതിഭാസം അന്തരീക്ഷത്തിൽ പ്രതിഫലിക്കുന്നതാണ് ഇതെന്നും ചിലർ പറയുന്നു. അതേസമയം, പ്രദേശത്തെ പാറകളിലും മറ്റുമുള്ള ചില ധാതുക്കളിലുണ്ടാകുന്ന പ്രവർത്തനത്തിന്റെ ഫലമായാണ് ഇത്തരത്തിൽ വെളിച്ചമുണ്ടാകുന്നതെന്നും ചില വിദഗ്ധർ അഭിപ്രായപ്പെടുന്നു. അന്യഗ്രഹ ജീവികളുടെ പേടകങ്ങളിൽ നിന്നുള്ള പ്രകാശമാണിതെണിതെന്നാണ് ചിലരുടെ അഭിപ്രായം.
Discussion about this post