എറണാകുളം: ലൈംഗികാതിക്രവുമായി ബന്ധപ്പെട്ട് സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. സ്ത്രീകളുടെ ശരീരഘടനയെക്കുറിച്ച് അഭിപ്രായം പറയുന്നതും ലൈംഗികാതിക്രമം ആണെന്ന് ഹൈക്കോടകി വ്യക്തമാക്കി. ലൈംഗികാതിക്ര കേസുമായി ബന്ധപ്പെട്ട് മുൻ കെഎസ്ഇബി ഉദ്യോഗസ്ഥൻ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെ ആയിരുന്നു കോടതിയുടെ നിർണായക നിരീക്ഷണം.
ഓഫീസിലിനെ ജീവനക്കാരിയായ സ്ത്രീയോട് മോശമായി പെരുമാറിയതിന് ആലുവ പോലീസ് സ്‌റ്റേഷനിൽ കെഎസ്ഇബി ഉദ്യോഗസ്ഥൻ ആയിരുന്ന ആർ രാമചന്ദ്രൻ നായർക്കെതിരെ കേസ് എടുത്തിരുന്നു. ഇത് റദ്ദാക്കണം എന്ന് ചൂണ്ടിക്കാട്ടി ഇയാൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന പരാമർശം. ഒരു സ്ത്രീയോട് നല്ല ശരീരഘടനയാണെന്ന് അഭിപ്രായപ്പെടുന്നതും, ലൈംഗികചുവയുള്ള സന്ദേശങ്ങൾ അയക്കുന്നതും ലൈംഗികാതിക്രം ആണെന്ന് ആയിരുന്നു കോടതിയുടെ പരാമർശം. ജസ്റ്റിസ് എ ബദറുദ്ദീൻ ആണ് ഹർജി തള്ളിയത്. തുടർനടപടികളുമായി മുന്നോട്ട് പോകാൻ പോലീസിന് കോടതി നിർദ്ദേശവും നൽകി.
ഫോണിൽ ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയച്ചതിനാണ് രാമചന്ദ്രനെതിരെ ജീവനക്കാരി പരാതി നൽകിയത്. നിരവധി തവണ എതിർപ്പ് പ്രകടിപ്പിച്ചിട്ടും സന്ദേശങ്ങൾ അയക്കുന്നത് ഇയാൾ തുടർന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഫോൺ നമ്പർ ബ്ലോക്ക് ചെയ്തിട്ടും മറ്റ് നമ്പറുകളിൽ നിന്നും സന്ദേശങ്ങൾ അയക്കുന്നത് തുടർന്നു. വിജിലൻസിൽ അടക്കം പരാതി നൽകിയിട്ടും ഫലം ഉണ്ടായില്ലെന്നാണ് യുവതി വ്യക്തമാക്കുന്നത്. ഇതിൽ സ്ത്രീയുടെ അഭിമാനത്തിന് ക്ഷതമേൽപ്പിച്ചു എന്നതുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. ഇത് റദ്ദാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
Discussion about this post