ഹൈദരാബാദ്: തിരുമല തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിൽ മരണ സംഖ്യ ഉയരുന്നു. രണ്ട് പേർക്ക് കൂടി ജീവൻ നഷ്ടമായതോടെ മരണം ആറായി. 20 ഓളം പേരാണ് പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ പലരുടെയും ആരോഗ്യനില ഗുരുതരമാണ്.
ഇന്നലെ രാത്രിയോടെയാണ് വൈകുണ്ഠ ഏകാദശി ദർശൻ കൂപ്പൺ വിതരണത്തിനായി താഴെ തിരുപ്പതിയിൽ സജ്ജമാക്കിയ കൗണ്ടറിൽ തിക്കിലും തിരക്കിലുംപെട്ട് ആളുകൾ അപകടത്തിൽപ്പെട്ടത്. ദർശനത്തിന്റെ കൂപ്പണിനായി ഇന്നലെ വൈകീട്ട് മുതൽ തന്നെ ഭക്തജന തിരക്ക് ആയിരുന്നു. ആളുകൾ ഒഴുകിയെത്തിയതോടെ കൗണ്ടറുകളിലെ തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഇതോടെ അപകടം ഉണ്ടാകുകയായിരുന്നു.
ഇന്ന് മുതലാണ് വൈകുണ്ഠ ഏകാദശി ദർശനത്തിനായുള്ള കൂപ്പണുകൾ വിതരണം ചെയ്യാൻ ആരംഭിക്കുക. ഇതിനായി 90 കൗണ്ടറുകളാണ് സജ്ജമാക്കിയിരുന്നത്. എല്ലാവർഷവും വലിയ തിരക്കാണ് ഈ വേളയിൽ അനുഭവപ്പെടാറ്. ഇത് കണക്കിലെടുത്ത് സ്ഥലത്ത് പോലീസുകാരെയും വിന്യസിച്ചിരുന്നു. ഇവർ ഭക്തരെ കൗണ്ടറിലേക്ക് കടത്തിവിടുകയായിരുന്നു. ഇതിനിടെ ആളുകൾ ഇടിച്ച് കയറി. ഇതോടെ സ്ഥലത്ത് വലിയ തിക്കും തിരക്കും ഉണ്ടായി.
ഭക്തരെ നിയന്ത്രിക്കുന്നതിനായുള്ള സംവിധാനങ്ങൾ പോലീസ് ഒരുക്കിയിരുന്നു. എന്നാൽ അസാധാരണ തിരക്കിനെ തുടർന്ന് സകലനിയന്ത്രണങ്ങളും പാളി. തിരക്കിൽപ്പെട്ട് നിലത്ത് വീണവരുടെ മുകളിലൂടെ മറ്റുള്ളവർ പരിഭ്രാന്തരായി ഓടി. ഇതേ തുടർന്നാണ് ആളുകൾക്ക് പരിക്കേറ്റത്. സംഭവത്തിന് പിന്നാലെ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തിരുപ്പതി തിരുമല ദേവസ്ഥാനം അധികൃതരുമായി സ്ഥിതിഗതികൾ വിലയിരുത്തി.
Discussion about this post