തിരുവനന്തപുരം: ലൈംഗിക അധിക്ഷേപങ്ങളിൽ നിയമ നടപടിക്കൊരുങ്ങിയ നടി ഹണി റോസിനെ പ്രശംസിച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്താ ജെറോം. നടി ഹണി റോസ് കാണിച്ചത് വലിയ ധൈര്യമാണെന്ന് ചിന്ത വ്യക്തമാക്കി. അവർക്ക് ഹൃദയത്തിൽ നിന്ന് സല്യൂട്ടെന്നും അവർ കൂട്ടിച്ചേർത്തു.
പറയാത്ത കാര്യങ്ങൾ പറഞ്ഞെന്ന് പറയുകയും ശരീരത്തെയും വസ്ത്രത്തെയും അധിക്ഷേപിക്കുക എന്നിങ്ങനെ ഒരിക്കൽ പോലും കണ്ടിട്ടു പോലും ഇല്ലാത്താവരുടെ ആക്രമണങ്ങൾ ക്യാംപസ് കാലം മുതൽ തന്നെ കേട്ട് തുടങ്ങിയതാണെന്ന് ചിന്ത ജെറോം പറയുന്നു. ആദ്യമൊക്കെ ഇങ്ങനെയുള്ള കാര്യങ്ങളിൽ പതറി പോകുമായിരുന്നു. എന്നാൽ, പതിയെ ഇങ്ങനെയുള്ള കാര്യങ്ങളെ നേരിടാനുള്ള ധൈര്യം കിട്ടിയെന്നും ചിന്ത പറഞ്ഞു.
പൊതു രംഗത്ത് നിൽക്കുന്ന സ്ത്രീകൾ നിരന്തരം അധിക്ഷേപം നേരിട്ടുകൊണ്ടിരിക്കുകയാണ്. അവരുടെ ശരീരത്തെയും വസ്ത്രധാരണത്തെയുമെല്ലാം ഫോക്കസ് ചെയ്തുകൊണ്ട് വിവിധ തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടാകാറുണ്ട്. ഹണിറോസിന്റെ കേസിൽ, ഇങ്ങനെയൊക്കെ ചെയ്യുന്നവർക്ക് ശക്തമായ താക്കീത് നൽകുന്ന വിധിയാണ് പ്രതീക്ഷിക്കുന്നത്. വഷളത്തരവും ആഭാസത്തരവും പറയുന്നവർ ആഘോഷിക്കപ്പെടുന്നത് വിഷമകരമാണ്. രാഷ്ട്രീയത്തിലും സിനിമയിലുമൊക്കെ പ്രവർത്തിക്കുന്ന സ്ത്രീകളെ പൊതുവെ ഉപഭോഗ വസ്തുവായി കാണുന്ന രീതിയുണ്ട്. സ്ത്രീകൾക്ക് നേരെ എന്തും പറയാൻ അവകാശമുണ്ടെന്ന തോന്നലിൽ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേയിരിക്കുകയാണെന്നും ചിന്ത ജെറോം വ്യക്തമാക്കി.
Discussion about this post