കൊച്ചി: തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് പറഞ്ഞ് വ്യവസായി ബോബി ചെമ്മണ്ണൂർ. മാപ്പ് പറയാൻ തെറ്റൊന്നും താൻ ചെയ്തിട്ടില്ലല്ലോ എന്ന് അദ്ദേഹം പറഞ്ഞു. നടി ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ ഇന്നലെ കൊച്ചി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണം. ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും.
പിടിയിലായതിന് തൊട്ട് പിന്നാലെ തന്നെ അദ്ദേഹത്തിന്റെ ഫോൺ ഉൾപ്പെടെ പോലീസ് പിടിച്ചെടുത്തിരുന്നു. സ്ഥിരമായി ഉപയോഗിച്ചിരുന്ന ഐഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൽ നിന്നും വിശദമായ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
ഇന്നലെ രാവിലെ പത്തരയോടെയാണ് വയനാട് മേപ്പാടിയിലെ റിസോർട്ട് വളപ്പിൽ വെച്ച് ബോബി ചെമ്മണ്ണൂരിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. റിസോർട്ട് വളഞ്ഞ് അതിസാഹസികമായിട്ടായിരുന്നു അദ്ദേഹത്തെ പിടികൂടിയത്. മറ്റൊരു സംസ്ഥാനത്തേയ്ക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആയിരുന്നു പിടിയിലായത് എന്നാണ് വിവരം.
Discussion about this post