മലയാളിയുടെ വികാരങ്ങളിലൊന്നാണ് മത്തി. മത്സ്യത്തിന്റെ കാര്യത്തിൽ യാതൊരു കോംപ്രമൈസിനും നമ്മൾ തയ്യാറല്ല. മത്തി വറുത്തും ഫ്രൈ ചെയ്തും മുളകിട്ട് വച്ചും തേങ്ങ വറുത്തരച്ചും പീരവെച്ചുമെല്ലാം കഴിക്കുന്ന നമ്മൾക്ക് ഇനി മത്തി ചമ്മന്തി കൂടി പരീക്ഷിച്ചാലോ?
മത്തി – 5-6 എണ്ണം തേങ്ങ – 1 എണ്ണം മുതിര – 1/4 കപ്പ് വറ്റൽ മുളക് – 6-8 എണ്ണം പുളി – ഒരു നാരങ്ങ വലിപ്പത്തിൽ കറിവേപ്പില – 1, 2 പിടി ചെറിയ ഉള്ളി – 5 എണ്ണം ഇഞ്ചി -ഒരു ചെറിയ കഷ്ണം മഞ്ഞൾപൊടി – 1/4 ടീസ്പൂൺ മുളക് പൊടി – 1/4 ടീസ്പൂൺ ഉപ്പ് – ആവശ്യത്തിന് കായപൊടി – അൽപം വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ.
മത്തി നന്നായി കഴുകി വൃത്തിയാക്കുക.തല കളഞ്ഞുവേണം എടുക്കാൻ ഇതിലേക്ക് മഞ്ഞൾപ്പൊടി,മുളക് പൊടി,ഉപ്പ് എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്ത് എടുത്ത് ഒരു ഫ്രൈയിംഗ് പാനിൽ അൽപ്പം വെളിച്ചെണ്ണ ഒഴിച്ച് വറുത്തെടുക്കുക. ഇതിന് ശേഷം മറ്റൊരു പാനിൽ കഴുകി വൃത്തിയാക്കി വെള്ളം വാർന്ന മുതിര നന്നായി ഇളക്കി വറുക്കുക. ഇതിലേക്ക് കറിവേപ്പിലയും ചേർത്ത് മുതിര പൊട്ടി തുടങ്ങുന്നത് വരെ വറുത്ത് ഫ്‌ലൈം ഓഫ് ചെയ്ത് അൽപം കായപൊടി ചേർത്ത് ഇളക്കി മാറ്റിവെക്കുക.
ഇനി തേങ്ങ വറുത്തെടുക്കാൻ മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് ചിരവിയ തേങ്ങ, ചെറിയഉള്ളി, ഇഞ്ചി, വറ്റൽ മുളക് എന്നിവ മീഡിയം ലോ ഫ്‌ലൈമിൽ തുടരെ തുടരെ കൈവിടാതെ വറുക്കുക. ഇതിലേക്ക് നനവില്ലാത്ത പുളിയും ചേർത്ത് കരിഞ്ഞുപോകാത്ത വിധം ഡാർക്ക് ബ്രൗൺ നിറമാകുന്നത് വരെ വറുക്കുക. തേങ്ങ അൽപം ചൂടാറിയ ശേഷം നന്നായി തുടച്ച് ഉണക്കിയെടുത്ത ഒരു മിക്‌സി ജാറിൽ പൾസ് മോഡിൽ കട്ടകെട്ടാതെ പൊടിച്ചു മാറ്റിവെക്കുക. ഇനി വറുത്തെടുത്ത മുതിരയും നന്നായി പൊടിച്ചെടുത്തു മാറ്റിവെക്കുക. മുതിരപൊടിയും വറുത്തെടുത്ത മീൻ കഷ്ണങ്ങളും മുള്ളോട് കൂടി പൊടിച്ചെടുക്കുക. അവസാനം എല്ലാംകൂടെ ഒന്ന് കമ്പയിൻ ചെയ്ത് പൾസ് മോഡിൽ മിക്‌സ് ചെയ്‌തെടുക്കുക. ഉപ്പ് ആവശ്യമെങ്കിൽ ഈ സ്റ്റേജിൽ ചേർക്കാവുന്നതാണ്. ചൂടാറിയ ശേഷം നല്ല എയർ ടൈറ്റ് കണ്ടെയ്‌നറുകളിൽ മൂന്ന് ആഴ്ചയോളം ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്
Discussion about this post