പാലക്കാട്: വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കളെ പ്രതിചേർത്ത് സിബിഐയുടെ അനുബന്ധ കുറ്റപത്രം. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കൊച്ചി സിബിഐ മൂന്നാം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഇവർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റവും, പോക്‌സോ കേസിലെ വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
ആറ് കേസുകളിലാണ് സിബിഐ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. കുട്ടികൾ പീഡനത്തിന് ഇരയായ വിവരം രക്ഷിതാക്കൾ കൃത്യമായി അറിയിച്ചിട്ടില്ലെന്നാണ് സിബിഐയുടെ നിരീക്ഷണം. ഇതേ തുടർന്നാണ് രക്ഷിതാക്കൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തിയിരിക്കുന്നത്. കുട്ടികൾ ചൂഷണത്തിന് ഇരയായ വിവരം രക്ഷിതാക്കൾക്ക് അറിയാമായിരുന്നുവെന്ന് നേരത്തെ പോലീസും കണ്ടെത്തിയിരുന്നു.
ഹൈക്കോടതിയുടെ നിർദ്ദേശാനുസരണമാണ് വീണ്ടും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് ഹൈക്കോടതി നിർദ്ദേശിച്ചതിന് പിന്നാലെ പ്രദേശവാസികളെ പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ ഇത് തള്ളിയ കോടതി വീണ്ടും അന്വേഷണം നടത്താൻ ആവശ്യപ്പെടുകയായിരുന്നു.
Discussion about this post