കൊച്ചി;പെരിയാർ മലിനീകരണത്തിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പ്രസിഡൻറ് കെഎസ്ആർ മേനോൻ ഉൾപ്പെടെയുള്ളവർ കൊടുത്ത പരാതിയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കനത്ത താക്കീതുമായി ഹൈക്കോടതി.പെരിയാർ മലിനമായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തിപരമായി ഉത്തരവാദികളായിരിക്കുമെന്നും അവർക്ക് വീഴ്ചയുണ്ടായാൽ നിയമപരമായ നടപടിയുണ്ടാകുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി.സ്‌നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
മലിനീകരണവിഷയത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ ഏതാനും റിപ്പോർട്ടുകൾ നൽകിയതല്ലാതെ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി .ഹർജികൾ ഒന്നിച്ച് പരിഗണിക്കുന്ന കാര്യത്തിൽ ചീഫ് ജസ്റ്റിസിൻ്റെ തീരുമാനത്തിനായി കേസ് ജനുവരി പത്താം തീ യതിയിലേക്ക് മാറ്റി.
പെരിയാറിലെ മലിനീകരണം എങ്ങനെ തടയാം എന്നതിൽ വ്യക്തമായ നിർദ്ദേശം അധികൃതർക്ക് ഉന്നയിക്കാനാകുന്നില്ലെന്ന് കോടതി പറഞ്ഞു.പെരിയാറിലെ വെളളം മലിനീകരിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം. അതുണ്ടാകുന്നില്ലെങ്കിൽ ബന്ധപ്പെട്ടവരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്.
കൊച്ചി നഗരത്തിലെ ജനങ്ങളുടെയടക്കം കുടിവെള്ളമാണ് പെരിയാർ എന്നും കോടതി ഓർമ്മിപ്പിച്ചു.മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതിനെ തുടർന്നുള്ള ഹർജികളാണ് ഡിവിഷൻബെഞ്ച് പരിഗണിച്ചത്.ഇതോടൊപ്പം പേരണ്ടൂർ കനാൽ മലിനീകരണമടക്കമുള്ള വിഷയങ്ങൾ ഉന്നയിക്കുന്ന ഹർജി പരിഗണിക്കാനും തീരുമാനിച്ചു. പേരണ്ടൂർ കനാലിലെ വെളളം പെരിയാറിൽ എത്തുന്നത് കണക്കിലെടുത്താണിത്.
Discussion about this post