ന്യൂഡൽഹി: ആഴ്ചയിൽ 90 മണിക്കൂർ ജീവനക്കാർ ജോലി ചെയ്യണമെന്ന് പ്രസ്താവനയുമായി എൽ ആൻഡ് ടി ചെയർമാൻ എസ്എൻ സുബ്രഹ്‌മണ്യൻ. ആവശ്യമാണെങ്കിൽ ഞായറാഴ്ച എടുക്കുന്ന അവധികൾ വേണ്ടെന്ന് വയ്ക്കണമെന്നും ഞായറാഴ്ചകളിൽ വീട്ടിലിരുന്ന് ജീവനക്കാർ എന്ത് ചെയ്യാനാണെന്നും സുബ്രഹ്‌മണ്യൻ പറയുന്നു. ഇത് സംബന്ധിച്ച് സുബ്രഹ്‌മണ്യൻ സംസാരിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഞായറാഴ്ചകളിൽ നിങ്ങളെക്കൊണ്ട് ജോലി ചെയ്യിക്കാൻ സാധിക്കാത്തതിൽ താൻ ഞാൻ ഖേദിക്കുന്നുവെന്നാണ് സുബ്രഹ്‌മണ്യൻ പറയുന്നത്. അതിന് സാധിച്ചാൽ താൻ കൂടുതൽ സന്തോഷിക്കും. കാരണം, ഞായറാ്െചകളിൽ ജോലി ചെയ്യുന്ന ആളാണ താനെന്നും അദ്ദേഹം പറയുന്നു. ഞായറാഴ്ചകളിൽ വീട്ടിലിരുന്നു നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ചോദിക്കുന്നതും വീഡിയോയിൽ കാണാം. എത്രനേരം നിങ്ങൾ നിങ്ങളുടെ ഭാര്യയെ നോക്കി നിൽക്കും. ഓഫീസിൽ വന്ന് ജോലി ആരംഭിക്കൂ എന്നും എൽ ആൻഡ് ടി ചെയർമാൻ പറയുന്നു.
എന്നാൽ, സുബ്രഹ്‌മണ്യന്റെ പ്രസ്താവനയ്‌ക്കെതിരെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. എസ്.എൻ സുബ്രഹ്‌മണ്യന്റെ വാദം അനുചിതമാണെന്ന് റെഡ്ഡിറ്റിൽ പ്രചരിച്ച വീഡിയോയ്ക്ക് പലരും കമന്റുകളിട്ടു.
നേരത്തെ, ജോലി സമയത്തെ കുറിച്ചുള്ള ഇൻഫോസിസ് സ്ഥാപകൻ എൻആർ നാരായണമൂർത്തിയുടെ വാക്കുകൾ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. തൊഴിലും വ്യക്തിജീവിതവും സന്തുലിതമായി മുന്നോട്ടു കൊണ്ടുപോകണമെന്ന നിലപാടിൽ താൻ വിശ്വസിക്കുന്നില്ലെന്നായിരുന്നു നാരായണമൂർത്തിയുടെ പ്രസ്താവന. അഞ്ചുദിവസം ജോലി രണ്ടുദിവസം അവധി എന്ന സമ്പ്രദായത്തിൽ തനിക്ക് നിരാശയുണ്ടെന്നും 1986ഇൽ ഇൻഫോസിസിൽ ആറു ദിവസം ജോലി ഒരു ദിവസം അവധി എന്നത് അഞ്ച് ദിവസം ജോലി രണ്ടുദിവസം അവധി എന്നതിലേക്ക് മാറ്റിയപ്പോൾ നിരാശ തോന്നിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post