ന്യൂഡൽഹി : വിമാനത്താവളത്തിൽ മുതലയുടെ തലയോട്ടിയുമായി യാത്രക്കാരൻ പിടിയിൽ . കനേഡിയൻ പൗരനാണ് പിടിയിലായത്. ഡൽഹിയിൽ നിന്ന് കാനഡയിലേക്ക് പോവുകയായിരുന്ന യാത്രക്കാരനെയാണ് അറസ്റ്റ് ചെയ്തത്.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ സുരക്ഷാ പരിശോധനയ്ക്കിടെ കസ്റ്റംസ് ഉദ്യോഗസ്ഥർ സംശയം തോന്നി യാത്രക്കാരനെ തടയുകയായിരുന്നു. യാത്രക്കാരൻറെ ബാഗേജിൽ നിന്ന് ക്രീം നിറമുള്ള തുണിയിൽ പൊതിഞ്ഞ നിലയിൽ മുതലക്കുഞ്ഞിൻറെ തലയോട്ടി കണ്ടെടുക്കുകയായിരുന്നു. പല്ലുകളും താടിയെല്ലുമുള്ള അസ്ഥികൂടമാണ് കണ്ടെത്തിയത്.
തലയോട്ടിക്ക് ഏകദേശം 777 ഗ്രാം ഭാരമുണ്ട്. 32കാരനായ യാത്രക്കാരന് എവിടെ നിന്നാണ് ഇത് ലഭിച്ചതെന്ന് ഇപ്പോൾ വ്യക്തമല്ല. എയർ കാനഡ ഫ്ളൈറ്റ് നമ്പർ എസി 051ൽ കാനഡയിലേക്ക് പോകാനിരുന്ന യാത്രക്കാരനാണ് പിടിയിലായത്. ഇയാളെ വിശദമായി ചോദ്യംചെയ്യുമെന്ന് കസ്റ്റംസ് അറിയിച്ചു.
വനം – വന്യജീവി വകുപ്പ് പരിശോധിച്ച് മുതലയുടെ തലയോട്ടിയാണെന്ന് സ്ഥിരീകരിച്ചു. 1972ലെ വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ ക പ്രകാരമുള്ള സംരക്ഷിത പട്ടികയിലുള്ളതായതിനാലാണ് നടപടി.
Discussion about this post