ഉത്തർപ്രദേശിലെ സംഗമ നഗരമായ പ്രയാഗ്‌രാജിൽ ജനുവരി 13 മുതൽ മഹാ കുംഭമേള ആരംഭിക്കുകയാണ്. ജനുവരി 13 ന് ആരംഭിക്കുന്ന മഹാകുംഭം ഫെബ്രുവരി 26 വരെ തുടരും. ഒന്നരമാസം നീണ്ടുനിൽക്കുന്ന മഹാകുംഭത്തിൽ ഗംഗാ-യമുനയുടെയും സരസ്വതിയുടെയും ത്രിവേണി സംഗമത്തിൽ മുങ്ങിക്കുളിക്കാൻ 40 കോടി ഭക്തർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മഹാകുംഭമേളയിൽ ഏറ്റവും പ്രാധാന്യമുള്ള വ്യക്തികൾ നാഗസാധുക്കളാണ്. പുരുഷന്മാരായ നാഗസാധുക്കളെയും സ്ത്രീകൾ ആയ നാഗസാധുക്കളെയും മഹാകുംഭമേളയിൽ കാണാൻ കഴിയും. പുരുഷ നാഗസാധുക്കളിൽ രണ്ടു വിഭാഗം ആണുള്ളത്. പുറംലോകവുമായി ഭാഗിക ബന്ധമുള്ളവരും വസ്ത്രം ധരിച്ചവരുമായ നാഗസാധുക്കളും പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്തവരും വിവസ്ത്രരായി കഴിയുന്ന നാഗസാധുക്കളുമായ ദിഗംബരന്മാരും ആണ് ഇവർ. എന്നാൽ സ്ത്രീകളായ നാഗ സാധുക്കളിൽ ഒരു വിഭാഗം മാത്രമാണുള്ളത്. കാവി വസ്ത്രം ധരിച്ച് കർശനമായ ആചാരങ്ങളും കഠിന തപസ്സും അനുഷ്ഠിക്കുന്നവരാണ് സ്ത്രീ നാഗസാധുക്കൾ.
ഭൗതികമായ എല്ലാ സുഖ സൗകര്യങ്ങളും ഉപേക്ഷിച്ച് പൂർവ്വ ജീവിതത്തിലെ ബന്ധങ്ങൾ പോലും ഉപേക്ഷിച്ചു വേണം ഒരു സ്ത്രീക്ക് നാഗസാധു എന്ന ഘട്ടത്തിലേക്ക് എത്താൻ.
‘ഗന്തി’ എന്ന പേരുള്ള തുന്നലുകൾ ഇല്ലാത്ത കാവി വസ്ത്രം ആണ് ഇവരുടെ പരമ്പരാഗത വേഷം. ഒരു നാഗ സാധുവാകാൻ അവർക്ക് കഠിനമായ ഒരു പരീക്ഷണം വിജയിക്കേണ്ടതുണ്ട്. ഒരു നാഗ സാധുവോ സന്യാസിനിയോ ആകാൻ, 10 മുതൽ 15 വർഷം വരെ കർശനമായ ബ്രഹ്മചര്യവും ധ്യാനങ്ങളും മന്ത്രങ്ങളും പോലെയുള്ളവയും നിഷ്ഠകളും പാലിക്കേണ്ടത് ആവശ്യമാണ്. നാഗ സാധുവാകാൻ യോഗ്യതയുള്ളയാൾ ആണെന്നും ദൈവത്തിന് സമർപ്പിക്കപ്പെട്ടെന്നും ഗുരുവിനെ ബോധ്യപ്പെടുത്തണം. ഇതിനുശേഷം നാഗ സാധുവാകാൻ ഗുരു അനുവാദം നൽകുന്നതാണ്. കർശന ചിട്ടകൾ പാലിച്ച് ജീവിക്കുന്ന സ്ത്രീ നാഗസാധുക്കളെ ഋഷിമാരും സന്യാസിമാരും പോലും അമ്മമാർ എന്നാണ് അഭിസംബോധന ചെയ്യാറുള്ളത്.
പിണ്ഡദാനം നടത്തി പൂർവ്വ ജീവിതത്തിൽ നിന്നും പൂർണ്ണമായും മുക്തി നേടിയ ശേഷമാണ് ഒരു സ്ത്രീ നാഗസാധു ആകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങേണ്ടത്. തുടർന്ന് പുണ്യനദിയിൽ സ്നാനം നടത്തിയ ശേഷം ദീക്ഷ ആരംഭിക്കുന്നു. ഗുഹകളിലോ ആശ്രമങ്ങളിലോ ആയിരിക്കും ഇവരുടെ താമസം. ഓരോ സ്ത്രീ നാഗസാധുക്കളും ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന് ശിവ സ്തോത്രങ്ങൾ ജപിച്ചു കൊണ്ടാണ് ദിവസം ആരംഭിക്കുന്നത്. വൈകുന്നേരം ദത്താത്രേയ ആരാധനയും നാഗസാധുക്കളുടെ പതിവാണ്. അഖാരയിലെ സ്ത്രീ നാഗ സാധുക്കളെ മായ്, അവധൂതനി, നാഗിൻ എന്നിങ്ങനെയുള്ള പേരുകളിലാണ് വിശേഷിപ്പിക്കാറുള്ളത്. മഹാ കുംഭമേളയിൽ പുരുഷ നാഗസാധുക്കളെ പോലെ തന്നെ ത്രിവേണി സംഗമ സ്നാനത്തിൽ സ്ത്രീ നാഗസാധുക്കളും പങ്കെടുക്കും.
Discussion about this post