എറണാകുളം: ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ബോബി ചെമ്മണ്ണൂരിന്റെ സഹതടവുകാരായി മോഷണ- ലഹരിമരുന്ന് കേസ് പ്രതികൾ. കാക്കനാട്ടിലെ ജയിലിൽ ആണ് ക്രിമിനൽ കേസിലെ പ്രതികൾക്കൊപ്പം അദ്ദേഹം കഴിയുന്നത്. കോടതി റിമാൻഡ് ചെയ്തതിനെ തുടർന്ന് ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്.
പത്ത് പേർക്ക് കഴിയാവുന്ന സെല്ലിലാണ് ബോബി ചെമ്മണ്ണൂരിനെ പാർപ്പിച്ചിരിക്കുന്നത്. സെല്ലിൽ ആറാമനായിട്ട് ആണ് അദ്ദേഹം കഴിയുന്നത്. ഏഴ് മണിയോടെ ജയിലിൽ എത്തിയ അദ്ദേഹം ജയിൽ അധികൃതരിൽ നിന്നും പായയും പുതപ്പും വാങ്ങി. ഭക്ഷണമായി ചപ്പാത്തിയും വെജിറ്റബിൾ കറിയും ജയിൽ അധികൃതർ അദ്ദേഹത്തിന് നൽകി. ഇതിന് ശേഷമാണ് സെല്ലിലേക്ക് മാറ്റിയത്. അന്നേ ദിവസം പത്രക്കടലാസ് വിരിച്ചായിരുന്നു ബോബി ചെമ്മണ്ണൂർ കിടന്നിരുന്നത്.
കേസിൽ ബോബി ചെമ്മണ്ണൂർ ജാമ്യം ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു. എന്നാൽ ഇത് തള്ളുകയായിരുന്നു. ഈ സാഹചര്യത്തിൽ ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരും. ബുധനാഴ്ച രാവിലെയാണ് ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തത്. വയനാട്ടിൽ റിസോർട്ടിൽ ആയിരുന്ന അദ്ദേഹത്തെ സ്ഥലം വളഞ്ഞ് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. രാത്രിയോടെ കൊച്ചിയിൽ എത്തിച്ച അദ്ദേഹത്തെ വ്യാഴാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കി. തുടർന്ന് കോടതി റിമാൻഡ് ചെയ്യുകയായിരുന്നു.
Discussion about this post