കുവൈറ്റ് സിറ്റി: ബയോമെട്രിക് വിരലടയാളം ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത പ്രവാസികള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ബയോമെട്രിക് രജിസ്‌ട്രേഷനുള്ള സമയപരിധി ഡിസംബര്‍ 31ന് അവസാനിച്ച സാഹചര്യത്തിലാണ് നടപടി്. രജിസ്റ്റര്‍ ചെയ്യാത്ത ഇവര്‍ക്ക് രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യണമെങ്കില്‍ ഇനി വിരലടയാള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം.
ഡിസംബര്‍ 31ന് മുമ്പുതന്നെ ബയോമെട്രിക് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ വീഴ്ച വരുത്തിയവരുടെ സര്‍ക്കാര്‍, ബാങ്കിങ് ഇടപാടുകള്‍ ജനുവരി ഒന്ന് മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഇതിനു പുറമെയാണ് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം കുവൈറ്റ് പ്രവാസികള്‍ക്കും പൗരന്മാര്‍ക്കും ബയോമെട്രിക് ഫിംഗര്‍പ്രിന്റിംഗിന് സമയപരിധി ഒരു തവണ നീട്ടി നല്‍കിയിരുന്നു. പുതുക്കിയ കാലാവധി പ്രകാരം കുവൈറ്റ് പൗരന്‍മാര്‍ക്ക് സെപ്റ്റംബര്‍ 30 വരെ സമയം അനുവദിച്ചിരുന്നു. പ്രവാസികള്‍ക്ക് ഡിസംബര്‍ 31 വരെയും.
ഫിംഗര്‍പ്രിന്റിങ് പ്രക്രിയയ്ക്ക് ആകെ മൂന്ന് മിനിറ്റ് മാത്രമാണ് സമയം എടുക്കുക. രാജ്യത്തെ എട്ട് കേന്ദ്രങ്ങളിലായി ഒരു ദിവസം 10,000 അപ്പോയിന്റ്മെന്റുകള്‍ സ്വീകരിക്കാന്‍ സംവിധാനമുണ്ട്. അപ്പോയിന്റ്മെന്റ് എടുക്കാന്‍ മന്ത്രാലയത്തിന്റെ ആപ്പ് വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ രാജ്യത്ത് താമസിക്കുന്ന മുഴുവന്‍ ആളുകളുടെയും ഡാറ്റാബേസ് തയ്യാറാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.്. 18 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ക്ക് ഇത് നിര്‍ബന്ധമാണ്.
Discussion about this post