എറണാകുളം: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെയുള്ള ലൈംഗിക അധിക്ഷേപ പരാതിയിൽ നടി ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. നടിയെ പിന്തുടർന്ന് ശല്യം ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യല്‍. ഇത് പ്രകാരമുള്ള വകുപ്പ് ചുമത്തുന്നതും സെൻട്രൽ പോലീസിന്റെ പരിഗണനയിലാണ്. ഭാരതീയ ന്യായ സംഹിതത 75, ഐടി ആക്ട് 67 എന്നിവയാണ് നിലവിൽ ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിരിക്കുന്നത്.
ബോബി ചെമ്മണ്ണൂർ നടത്തിയ മറ്റ് അശ്ലീല പരാമർശങ്ങളും പരിശോധിക്കാന്‍ ഒരുങ്ങുകയാണെന്ന് പോലീസ് അറിയിച്ചു. ജാമ്യത്തെ എതിർത്ത് സമൂഹ മാദ്ധ്യമങ്ങൾ വഴി നടത്തിയ അശ്ലീല പരാമർശ വീഡിയോകൾ കോടതിയിൽ ഹാജരാക്കും. യൂട്യൂബ് ചാനലുകളിലടക്കം ബോബി ചെമ്മണ്ണൂരിന്റെ വീഡിയോകൾ ഉണ്ടെന്ന് പോലീസ് പറയുന്നു. ഈ വീഡിയോകളും പരിശോധിക്കും.
പതിനാല് ദിവസത്തേക്കാണ് ബോബി ചെമ്മണ്ണൂരിനെ റിമാൻഡ് ചെയ്തത്. ചൊവ്വാഴ്ച വരെ ബോബി ചെമ്മണ്ണൂര്‍ ജയിലിൽ തുടരും. അടിയന്തരമായി ജാമ്യ ഹർജി പരിഗണിക്കണം എന്ന ബോബിയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. അടിയന്തരമായി ജാമ്യാപേക്ഷ പരിഗണിക്കേണ്ട എന്ത് സാഹചര്യം ആണ് ഉള്ളതെന്ന് ആയിരുന്നു ഹൈക്കോടതി ചോദിച്ചത്. പൊതുവിടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് ബോബി ചെമ്മണ്ണൂരിനോട് നിര്‍ദേശിച്ച കോടതി ഹര്‍ജി പരിഗണിക്കുന്നത് മാറ്റുകയായിരുന്നു.
Discussion about this post