കൊച്ചി; സോഷ്യൽമീഡിയകളിലൂടെ അധിക്ഷേപിച്ചുവെന്ന നടി ഹണിറോസിന്റെ പരാതിയ്ക്ക് പിന്നാലെ മുൻകൂർ ജാമ്യാം തേടി രാഹുൽ ഈശ്വർ. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. തിങ്കളാഴ്ച ഹർജി പരിഗണിക്കും.
ബോബി ചെമ്മണൂരിനെതിരായ പരാതിയിൽ ഹണി റോസിനെ വിമർശിച്ച് രാഹുൽ ഈശ്വർ രംഗത്തെത്തിയിരുന്നു. ചാനൽ ചർച്ചകളിൽ പങ്കെടുക്കവെ രാഹുൽ നടത്തിയ പരാമർശങ്ങളിലാണ് ഹണി പരാതി നൽകിയത്. താനും തന്റെ കുടുംബവും കടുത്ത മാനസിക സമ്മർദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അതിന് പ്രധാന കാരണക്കാരൻ രാഹുൽ ഈശ്വർ ആണെന്നും ഹണി റോസ് സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. തന്റെ പരാതിയുടെ ഗൗരവം ചോർത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാനുമായി രാഹുൽ ഈശ്വർ സൈബർ ഇടത്തിൽ ഒരു ആസൂത്രണം കുറ്റകൃത്യം നടത്തുകയാണെന്നും അദ്ദേഹത്തിനെതിരെ നിയമനടപടി കൈക്കൊള്ളുന്നുവെന്നും ഹണി റോസ് പറഞ്ഞിരുന്നു.
തൃശൂർ സ്വദേശി സലീമും രാഹുൽ ഈശ്വറിനെതിരെ എറണാകുളം സെൻട്രൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ചാനൽ ചർച്ചകളിലൂടെയും സോഷ്യൽമീഡിയകളിലൂടെയും ഹണി റോസിനെ അപമാനിക്കുന്നു എന്നാണ് പരാതിയിലുള്ളത്.താരം നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിട്ടില്ല. പരാതി വിശദമായി പരിശോധിച്ചുവരികയാണെന്നാണ് വിശദീകരണം. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ കേസെടക്കമുള്ള നടപടികളുമായി പോലീസ് മുന്നോട്ടുപോവുകയുള്ളൂ.
അതേസമയം ഹണിയെ സോഷ്യൽ ഓഡിറ്റ് ചെയ്യണമെന്നാണ് രാഹുൽ ഈശ്വർ പറയുന്നത്. കേസ് താൻ സ്വയം വാദിക്കുമെന്നും രാഹുൽ പറഞ്ഞു. ഒരിക്കലും താൻ ബോബി ചെമ്മണ്ണൂരിന്റെ പിആർ അല്ലെന്നും കഴിഞ്ഞ വർഷമോ മറ്റോ ആണ് അവസാനമായി ബോചെയോട് താൻ സംസാരിച്ചതെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
Discussion about this post