കോഴിക്കോട്: ഉപയോഗശേഷം അതേ എണ്ണ വീണ്ടും ഉപയോഗിക്കുന്ന ഹോട്ടലുകൾക്കും ബേക്കറികൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗം. മൂന്ന് പ്രാവശ്യത്തിൽ കൂടുതൽ തവണ ഒരേ എണ്ണ ഉപയോഗിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും വൻതുക പിഴയായി ഈടാക്കാനാണ് തീരുമാനം. സംസ്ഥാനത്ത് ഉടനീളം ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് വകുപ്പിന്റെ പുതിയ തീരുമാനം.
ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് ക്യാൻസറിന് കാരണമെന്നാണ് പഠനങ്ങൾ. എന്നാൽ ഇത് അവഗണിച്ച് ലാഭത്തിനായി ഹോട്ടലുകളും ബേക്കറികളും തട്ടുകടകളുമെല്ലാം ഉപയോഗിച്ച എണ്ണയിൽ തന്നെ വീണ്ടും വീണ്ടും ഭക്ഷണം പാകം ചെയ്യുന്നുണ്ട്. ഇത് ജനതയുടെ ആരോഗ്യം നശിപ്പിക്കും. ഈ സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കാൻ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും 1 ലക്ഷം രൂപവരെ പിഴയായി വാങ്ങാനാണ് നിലവിലെ വകുപ്പിന്റെ തീരുമാനം. 5- ലിറ്ററിൽ കൂടുതൽ എണ്ണ പ്രതിദിനം കൈകാര്യം ചെയ്യുന്ന ഹോട്ടലുകൾ, ചിപ്‌സ് – മിക്‌സ്ചർ നിർമ്മാണ യൂണിറ്റുകൾ, മറ്റ് ബേക്കറി സാധനങ്ങളുടെ ഉത്പാദന കേന്ദ്രങ്ങൾ എന്നിവ നിർബന്ധമായും ഉപയോഗിച്ച എണ്ണം കൈമാറിയിരിക്കണം. ഇതിനായി സ്ഥാപനങ്ങളിൽ പ്രത്യേകം രജിസ്റ്റർ സൂക്ഷിക്കണം എന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. അംഗീകൃതമായ ഏത് കമ്പനിയ്ക്ക് വേണമെങ്കിലും എണ്ണ കൈമാറാം.
പാകം ചെയ്യുന്ന എണ്ണയുടെ കാര്യത്തിലും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. 20 ശതമാനത്തിൽ കൂടുതൽ മൊത്തം പോളാർ കോമ്പൗണ്ടുകൾ ഇല്ലാത്ത എണ്ണയാണ് ഉപയോഗിക്കേണ്ടത്. ഇത് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിക്കും. നിലവിൽ സംസ്ഥാനത്ത് 30 ഓളം ഏജൻസികൾ വഴി ഉപയോഗിച്ച എണ്ണ ഭക്ഷ്യസുരക്ഷാ വകുപ്പ് വാങ്ങുന്നുണ്ട്. ഇത്തരത്തിൽ നൽകുന്ന എണ്ണ ലിറ്ററിന് 50 മുതൽ 60 രൂപ വരെയാണ് ലഭിക്കുക. ഇങ്ങനെ ശേഖരിച്ച എണ്ണ ഈറ്റ് റൈറ്റ് ഇന്ത്യ, റൂക്കോ പദ്ധതികൾ പ്രകാരം പൊതുമേഖലാ എണ്ണ കമ്പനികൾക്ക് കൈമാഖും. ബയോ ഡീസൽ ഉത്പാദനത്തിന് ആയിരിക്കും ഇത് ഉപയോഗിക്കുക.
Discussion about this post