ഭക്ഷണസാധനങ്ങളിൽ വച്ച് ഏറ്റവും വിലകൂടിയ ഒന്നാണ് ചീസ്. വില കൂടുതലാണെങ്കിലും നമ്മുടെ ഇടയിൽ ചീസ് പ്രേമികൾ നിരവധിയുണ്ട്. ബ്രെഡിനും ചപ്പാത്തിക്കുമൊപ്പം കഴിക്കാനും കറികളിൽ ഉൾപ്പെടുത്താനുമൊക്കെ എത്ര വിലകൊടുത്തു വേണമെങ്കിലും ചീസ് വാങ്ങാൻ ആളുകൾ തയ്യാറാണ്.
പാലിൽ നിന്നാണ് ചീസ് ഉണ്ടാക്കുന്നത്. പശുവിൻ പാൽ, ആട്ടിൻ പാൽ, എരുമ പാൽ എന്നിവയിൽ നിന്നാണ് ചീസ് തയ്യാറാക്കുന്നത്. എന്നാൽ, ലോകത്തിലെ ഏറ്റവും വില കൂടിയ ചീസ് ഉണ്ട്. ഇത് തയ്യാറാക്കുന്നത് പക്ഷേ, ഈ പാലുകളിൽ നിന്നല്ല. പകരം കഴുതയുടെ പാലിൽ നിന്നാണ് ഏറ്റവും വില കൂടിയ ഈ ചീസ് ഉണ്ടാക്കുന്നത്.
ഇതിന്റെ വില കേട്ടാലും നിങ്ങൾ ഞെട്ടിപോകും. കഴുതപ്പാലിൽ നിന്നും തയ്യാറാക്കുന്ന ഈ ‘പുലെ ചീസി’ന് പൊന്നിൻ വിലയാണ്. ബാൽകൺ ഇനത്തിലെ കഴുതയുടെ പാലിൽ നിന്നും തയ്യാറാക്കുന്ന ഈ ചീസിന് കിലോയ്ക്ക് 80,000 മുതൽ 82,000 രൂപ വരെയാണ് വില. സെർബിയയിലെ പ്രത്യേക പ്രകൃതി സംരക്ഷണ കേന്ദ്രമായ സസാവികയിലാണ് പുലെ ചീസ് തയ്യാറാക്കുന്നത്. വളരെ സൂക്ഷ്മമായും സമയമെടുത്തുമാണ് പുലെ ചീസ് തയ്യാറാക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഇതിന് ഇത്രയും വില വരാൻ കാരണം.
60 ശതമാനം കഴുതപ്പാലും 40 ശതമാനം ആട്ടിൻപാലുമാണ് ഈ ചീസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഒരു കിലോ ചീസ് തയ്യാറാക്കാൻ മാത്രം, 25 ലിറ്റർ കഴുതപ്പാലാണ് വേണ്ടി വരുക. എന്നാൽ, ഒരു കഴുതയിൽ നിന്നും 0.2 മുതൽ 0.3 ലിറ്റർ പാൽ മാത്രമേ ലഭിക്കൂ. അതുകൊണ്ട് തന്നെ അൽപ്പം ചീസ് ഉണ്ടാക്കാൻ പോലും ഒരുപാട് കാലതാമസം വേണ്ടി വരുന്നു. ഇന്ത്യയിൽ ഒരു ലിറ്റർ കഴുതപ്പാൽ വാങ്ങണമെങ്കിൽ 25,000 മുതൽ 30,000 വരെ നൽകേണ്ടി വരും.
Discussion about this post