പത്തനംതിട്ട: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് സൂര്യനെല്ലി കേസിനേക്കൾ ഗുരുതരമായ കുറ്റകൃത്യമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ. ആകെ 58 പ്രതികളാണ് കേസലുള്ളത്. കേസിലെ മുഴുവൻ പ്രതികളേയും തിരിച്ചറിഞ്ഞതായും പോലീസ് മേധാവി വ്യക്തമാക്കി. പത്തനംതിട്ട, ഇലവുംതിട്ട, മലയാലപ്പുഴ, പന്തളം എന്നീ പോലീസ് സ്റ്റേഷനുകളിലായി 29 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്.
ഇന്ന് 14 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതുവരെ 43 പ്രതികളാണ് അറസ്റ്റിലായത്. പ്രതികളിലൊരാൾ വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കുമെന്നും എസ്പി പറഞ്ഞു. കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്നുതന്നെ രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.
അഞ്ച് തവണ കൂട്ടബലാത്സംഗത്തിന് ഇരയായതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ മന്ദിരംപടി സ്വദേശി പി ദീപുവും സംഘവുമാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് മന്ദിരംപടിയിലെ റബ്ബർ തോട്ടത്തിന് സമീപം നിർത്തിയിട്ട കാറിൽ വച്ചാണ് പ്രതികൾ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഇതിന് ശേഷം, കുട്ടിയെ ഓട്ടോയിലെത്തിയ രണ്ട് പേർക്ക് കൈമാറുകയായിരുന്നു. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വച്ചും കൂട്ടബലാത്സംഗത്തിനിരയാക്കി.
സംഭവത്തിൽ 25 അംഗ സംഘത്തെ വിശദമായ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. ഡിഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പത്തനംതിട്ട എസ്പി വിജി വിനോദ്കുമാർ, ഡിവൈഎസ്പി എസ് നന്ദകുമാർ, വിവിധ സ്റ്റേഷനുകളിലെ എസ്എച്ച്ഒമാരായ ഡി ഷിബുകുമാർ, ടികെ വിനോദ് കൃഷ്ണൻ, ജിബു ജോൺ, വനിതാ എസ്‌ഐ കെആർ ഷെമിമോൾ എന്നിവർ ഉൾപ്പെട്ടതാണ് പ്രത്യേക അന്വേഷണസംഘം.
64 പേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടി നൽകിയ മൊഴി. അറസ്റ്റിൽ ആയവരിൽ പ്ലസ് ടു വിദ്യാർത്ഥികളും ഉൾപ്പെട്ടിട്ടുണ്ട്. ഓട്ടോ ഡ്രൈവർമാരും ഒരുമാസം മുമ്പ് വിവാഹം കഴിഞ്ഞയാളും അടുത്തയാഴ്ച വിവാഹ നിശ്ചയം നടക്കേണ്ടയാളും അറസ്റ്റിലായവരുടെ കൂട്ടത്തിൽ ഉണ്ട്. കാമുകനും സുഹൃത്തുക്കളുമുൾപ്പെട്ട വലിയൊരു കെണിയിലാണ് പെൺകുട്ടി പെട്ടിരുന്നത്. പല സ്ഥലങ്ങളിൽ വച്ച് ഒരേസമയം ഒന്നിലേറെ പേർ പീഡിപ്പിച്ചതായി ആണ് പെൺകുട്ടി നൽകിയ മൊഴി. കാമുകയായിരുന്ന സുബിൻ ആയിരുന്നു ആദ്യമായി കുട്ടിയെ പീഡനത്തിനിരയാക്കിയത്. 13 വയസുള്ളപ്പോൾ ആയിരുന്നു സംഭവം. കേസിലെ ഒന്നാം പ്രതിയാണ് സുബിൻ. ഇയാൾ മൊബൈൽ ഫോണിൽ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുത്ത് വശത്താക്കി കുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ റബർതോട്ടത്തിലെത്തിച്ച് പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി, അത് കാണിച്ചാണ് പിന്നീടും പീഡനത്തിനിരയാക്കിയത്.
അച്ഛന്റെ ഫോണായിരുന്നു പെൺകുട്ടി ഉപയോഗിച്ചിരുന്നത്. അതിലേക്കാണ് പെൺകുട്ടിയുടേത് ഉൾപ്പെടെയുള്ള നഗ്‌നദൃശ്യങ്ങൾ പ്രതികൾ അയച്ചുകൊടുത്തിരുന്നതെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ മൊബൈൽ ഫോണിലായിരുന്നു പ്രതികൾ പെൺകുട്ടിയുമായി ചാറ്റ് ചെയ്തിരുന്നത്. എന്നാൽ ഇക്കാര്യമൊന്നും രക്ഷിതാക്കൾക്ക് അറിവുണ്ടായിരുന്നില്ല. ഇതിന് പിന്നാലെ സുബിൻ കൂട്ടുകാർക്കും കുട്ടിയെ കാഴ്ചവയ്ക്കുകയായിരുന്നു. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി നഗ്‌നദൃശ്യങ്ങൾ പകർത്തി അവരും പലതവണ ചൂഷണം ചെയ്തു.
Discussion about this post