തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള മന്ത്രിസഭ പങ്കെടുത്ത നവകേരള സദസിന് പരസ്യബോർഡ് സ്ഥാപിക്കാനായി മാത്രം പൊടിച്ചത് 2.86 കോടി രൂപ. വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് സർക്കാർ ഈ കണക്കുകൾ വ്യക്തമാക്കിയത്. 55 ലക്ഷം രൂപയാണ് പരസ്യബോർഡ് സ്ഥാപിക്കുന്നതിനായി സർക്കാർ ആദ്യം അനുവദിച്ചത്. സ്വകാര്യ ഏജൻസികൾക്ക് 2.31 കോടി രൂപ കുടിശ്ശികയും ഈ ഇനത്തിൽ നൽകാനുണ്ട്. നവകേരള കലാജാഥ നടത്താനായി മാത്രം 45 ലക്ഷം രൂപയാണ് ചെലവിട്ടത്. കെഎസ്ആർടിസി ബസ്സിലെ പ്രചാരണ പോസ്റ്റർ പതിപ്പിച്ചതിന് 16.99 ലക്ഷം രൂപയും റെയിൽവെ ജിംഗിൾസിന് 41.21 ലക്ഷം രൂപയുമാണ് ചെലവ് വന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
നവകേരള സദസ്സിൻറെ പ്രചാരണത്തിന് ഹോർഡിംഗുകൾ വെച്ച വകയിൽ 2 കോടി 46 ലക്ഷം രൂപയാണ് സർക്കാർ നേരത്തെ അനുവദിച്ചത്. കേരളത്തിൽ ഉടനീളം 364 ഹോർഡിംഗുകളാണ് സ്ഥാപിച്ചിരുന്നത്. ക്ഷണക്കത്ത് പ്രിൻറ് ചെയ്തതിന് 7.47 കോടിയും അനുവദിച്ചിരുന്നു. ഓഗസ്റ്റ് രണ്ടിനാണ് തുക അനുവദിച്ചത്. 9.16 കോടി രൂപയ്ക്കായിരുന്നു ക്ഷണക്കത്ത് അച്ചടി കരാർ. ബാക്കി തുക മെയ് നാലിന് അനുവദിച്ചിരുന്നു. ക്വട്ടേഷൻ പോലും വിളിക്കാതെയാണ് പിആർഡി സി ആപ്റ്റിന് സർക്കാർ കരാർ നൽകിയത്.
2023 നവംബർ 18 മുതലാണ് 36 ദിവസം നീണ്ടുനിന്ന നവകേരള സദസ് സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും സഞ്ചരിക്കാനായി ഒന്നരക്കോടി ചെലവിട്ട് പുത്തൻ ബസും വാങ്ങിയിരുന്നു.
Discussion about this post