ന്യൂഡൽഹി: ബഹിരാകാശ ഡോക്കിംഗ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിക്കൊണ്ട് ഇന്ത്യ മറ്റൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ബഹിരാകാശ സ്വപ്‌നത്തെ യാഥാർത്ഥ്യത്തിലെത്തിച്ച ഐഎസ്ആർഒയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് രാജ്യം. ഡോക്കിംഗ് സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ മാത്രം രാജ്യം എന്ന നേട്ടത്തിലെത്തിയ ഐഎസ്ആർഒയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചു.
സ്‌പേഡെക്‌സ് ഡോക്കിംഗ് വിജയകരമായി പൂർത്തിയാക്കിയ ഐസ്ആർഒയുടെ മുഴുവൻ ശാസ്ത്രജ്ഞർക്കും അദ്ദേഹം എക്‌സിലൂടെ അഭിനന്ദനമറിയിച്ചു. വരാനിരിക്കുന്ന ഇന്ത്യയുടെ സ്വപ്ന ബഹിരാകാശ പദ്ധതികളിലേക്കുള്ള സുപ്രധാന ചുവടുവെപ്പ് പിന്നിട്ടിരിക്കുകയാണ് ഐഎസ്ആർഒ എന്നും അദ്ദേഹം കുറിച്ചു.
സ്‌പേഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായി രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് സംയോജിപ്പിക്കാനുള്ള നാലാം ശ്രമം വിജയകരമായി പൂർത്തിയാക്കിയതോടെ ബഹിരാകാശ നിലയവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണ് ഐഎസ്ആർഒ പിന്നിട്ടിരിക്കുന്നത്.
220 കിലോഗ്രാം ഭാരമുള്ള രണ്ട് ഉപഗ്രഹങ്ങളും ഡിസംബർ 30ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപിച്ചത്. 450 കിലോമീറ്റർ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച ശേഷം, ഉപഗ്രഹങ്ങൾക്ക് വിന്യാസ സമയത്ത് ആപേക്ഷിക വേഗത നൽകി, തുടർന്ന് ഡോക്കിങ് പരീക്ഷണങ്ങൾ നടത്തുന്നതിനായി അവ വിപരീത ദിശയിലേക്ക് നീക്കി. ആദ്യം ജനുവരി 7നും പിന്നീട് ജനുവരി 9 നും ഷെഡ്യൂൾ ചെയ്തിരുന്ന ഡോക്കിംഗ് കൃത്യമായ നിർവ്വഹണം ഉറപ്പാക്കാൻ മാറ്റിവക്കുകയായിരുന്നു.
ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്ക് അത്യാവശ്യമായ സാറ്റലൈറ്റ് ഡോക്കിംഗ് സാങ്കേതികവിദ്യയിൽ പ്രാവീണ്യം നേടാനുള്ള ഐഎസ്ആർഒയുടെ ശ്രമങ്ങളിലെ ഒരു നിർണായക ചുവടുവയ്പ്പാണ് ഈ പരീക്ഷണം.
Discussion about this post