ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തിളക്കമാർന്ന ജയം സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്.
ഓൾഡ് ട്രാഫോഡിൽ സതാംപ്ടനെതിരെ തോൽവി മണത്ത മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രക്ഷകനായി വീണ്ടും യുവ താരം അമദ് ദിയാലോ. മാനുവൽ ഉഗാർതെയുടെ സെൽഫ് ഗോളിൽ ആദ്യ പകുതിയുടെ അവസാനം ഗോൾ വഴങ്ങിയ യുണൈറ്റഡ് തിരിച്ചടിക്കാൻ ബുദ്ധിമുട്ടി.
81 ആം മിനിറ്റ് വരെ പിന്നിൽ നിന്ന റെഡ് ഡെവിൾസ് വീണ്ടും തോൽവിയിലേക്കെന്ന്
തോന്നിയ നിമിഷങ്ങൾ. എന്നാൽ, 12 മിനിറ്റിനുള്ളിൽ കിടിലൻ ഹാട്രിക് സ്വന്തമാക്കി അമദ് കളിയുടെ ഗതി ഒറ്റയ്ക്ക്
മാറ്റി മറിക്കുകയായിരുന്നു. 82, 90, 94 മിനിറ്റുകളിൽ ആയിരുന്നു അമദിന്റെ ഗോളുകൾ.
കളിയുടെ തുടക്കത്തിൽ വിംഗ് ബാക്ക് പൊസിഷനിൽ ഇറങ്ങിയ അമദ് പിന്നീട് അറ്റാക്കിംഗ് മിഡ്ഫീൽഡറുടെ റോളിലേക്ക് മാറുകയായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച് റൂബൻ അമോറിമിന്റെ ഈ തന്ത്രം വിജയം കാണുന്നതായിരുന്നു. അമദ് നേടിയ മൂന്ന് ഗോളുകളും അറ്റാക്കിംഗ് റോളിലേക്ക് മാറിയതിന് ശേഷമാണ്. 90 ആം മിനിറ്റിൽ അമദ് അടിച്ച രണ്ടാം ഗോളിന് വഴിയൊരുക്കിയത് ക്രിസ്ത്യൻ എറിക്സന്റെ തകർപ്പൻ അസിസ്റ്റായിരുന്നു.
മത്സര ശേഷം അമദ് ദിയാലോയുടെ പ്രകടനത്തെ കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച് റൂബൻ അമോറിമിന്റെ പ്രതികരണം മികച്ചതെന്നായിരുന്നു.”അമദ് മികച്ച പ്രകടനം കാഴ്ചവെച്ചു, എന്നാൽ അവൻ ഇനിയും മെച്ചപ്പെടാനുണ്ട്”. അമോറിം പറഞ്ഞു.
സതാംപ്ടനെതിരെ നേടിയ ജയത്തോടെ പ്രീമിയർ ലീഗിൽ പന്ത്രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. 21 മത്സരങ്ങളിൽ നിന്നാണ് 26 പോയിന്റാണ് റെഡ് ഡെവിൾസിന്റെ സമ്പാദ്യം.
Discussion about this post