അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ എഫ്ബിഐ തലയ്ക്ക് കോടികൾ വിലയിട്ടിരിക്കുന്ന ഒരു അതി സുന്ദരിയുണ്ട്… ക്രിപ്‌റ്റോ ക്വീൻ എന്ന് വിളിപ്പേരുള്ള റുജ ഇഗ്‌നാറ്റോവ. നാൽപ്പത് കോടിയിലേറെ രൂപയാണ് റുജ ഇഗ്‌നാറ്റോവയുടെ തലയ്ക്ക് എഫ്ബിഐ വിലയിട്ടിരിക്കുന്നത്.
ഒരുകാലത്ത് ക്രിപ്‌റ്റോ കറൻസി കമ്പനിയുടെ മേധാവിയായിരുന്നു റുജ ഇഗ്‌നാറ്റോവ. ക്രിപ്‌റ്റോ കറൻസി കമ്പനിയായ വൺ കോയിൻ വഴി നാല് ബില്യൺ ഡോളറിലധികം തട്ടിയെടുത്തു എന്നാണ് ഇവരുടെ പേരിലുള്ള കുറ്റം. ഇതോടെ, എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ ലിസ്റ്റിൽ റുജ ഇഗ്‌നാറ്റോവ ഇടം നേടുകയായിരുന്നു. ഈ അതിസുന്ദരിയായ കൊടും കുറ്റവാളിയെ കണ്ടെത്താൻ കൊണ്ടുപിടിച്ചുള്ള അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെയും ഇവർ എവിടെയാണെന്നതിന് ഒരു തുമ്പും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല.
2014ലാണ് റുജ വൺകോയിൻ എന്ന ക്രിപ്‌റ്റോ കറൻസി സ്വയം വികസിപ്പിച്ചത്. ബിറ്റ് കോയിനുൾപ്പെടെയുള്ള തന്റെ അന്നത്തെ എതിരാളികളെയെല്ലാം ഒതുക്കിക്കൊണ്ട് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ അമേരിക്ക ഉൾപ്പെടെ ലോകത്തിന്റെ നാനാകോണിൽ നിന്നും നിക്ഷേപം സ്വീകരിക്കാൻ റുജയ്ക്കായി. ചുരുങ്ങിയ സമയത്തിനുളളിൽ തന്നെ ലോകമെമ്പാടുമുള്ള മൂന്നുദശലക്ഷം ആളുകളിൽ നിന്നാണ് നിക്ഷേപം സ്വീകരിച്ചത്. ഇതോടെ, റുജയോടും അവരുടെ കമ്പനിയോടുമുള്ള ആളുകളുടെ വിശ്വാസ്യത കൂടിക്കൂടി വന്നു.
എന്നാൽ, സംഗതിയുടെ സത്യാവസ്ഥ മനസിലാക്കും മുമ്പ് തന്നെ തന്നെ വിശ്വസിച്ചവരെയെല്ലാം ചതിച്ചുകൊണ്ട് 2017ൽ അവർ അപ്രത്യക്ഷയായി. ഗ്രീസിൽ നിന്നും കടന്നുകളഞ്ഞ അവരെ എത്ര അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിയാതെ വന്നതോടെ അമേരിക്ക അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് ഭീകരമായ തട്ടിപ്പ് പുറംലോകം അറിയുന്നത്.
ബൾഗേറിയൻ മാഫിയയുമായി സഹകരിച്ചാണ് റുജ തട്ടിപ്പുകൾ ആസൂത്രണം ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പുതിയ നിക്ഷേപകരെ റിക്രൂട്ടുചെയ്യാൻ പ്രേരിപ്പിക്കുന്ന മണിചെയിൻ മാതൃകയാണ് റുജ പിന്തുടർന്നത്. നിക്ഷേപകരെ ആകർഷിക്കാനും അവരുടെ വിശ്വാസ്യത നേടിയെടുക്കാനുമായി ചെറിയ തോതിൽ ആദായവും നൽകിയിരുന്നു. അതുകൊണ്ട് തന്നെ റുജയുടെ വലയിൽ ഇതിനോടകം കുടുങ്ങിയവരെല്ലാം കൂടുതൽ ആളുകളെ ചേർത്തു തുടങ്ങി.
ഉന്നത വിദ്യാഭ്യാസവും നിക്ഷേപം ഉൾപ്പെടെ സാമ്പത്തികവുമായി ബന്ധപ്പെട്ട മികച്ച അറിവുമാണ് റുജയുടെ വളർച്ചയ്ക്ക് ചവിട്ടുപടികളായത്. ഒപ്പം സൗന്ദര്യവും വാക് ചാതുരിയും കൂടിയായപ്പോൾ വളർച്ച ഇരട്ടി വേഗത്തിലാക്കി. താൻ ഉദ്ദേശിച്ച സമ്പാദ്യം കൈയിലെത്തിയെന്ന് വ്യക്തമായതോടെ മുങ്ങി.
ഒരു പക്ഷേ രൂപം പോലും അവർ മാറ്റാൻ സാധ്യതയുണ്ടെന്ന് അന്വേഷണ സംഘം മനസിലാക്കിയതോടെയാണ് കണ്ടെത്തുന്നവർക്ക് കോടികളുടെ ഇനാം പ്രഖ്യാപിച്ചത്. എന്നാനൽ, അതുകൊണ്ടും കാര്യമുണ്ടായില്ല. ഇവർ ഇപ്പോൾ റഷ്യയിൽ ഉണ്ടെന്നു കരുതുന്നവരും കൊല്ലപ്പെട്ടു എന്നു കരുതുന്നവരും ഏറെയാണ്.













Discussion about this post