തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം സംസ്‌കരിക്കാൻ ഉപയോഗിച്ചത് 2000 കിലോ ഭസ്മവും 250 കിലോ പച്ചക്കർപ്പൂരവും. നേരത്തെ നിർമിച്ചതിനേക്കാൾ വലിപ്പത്തിലുണ്ടാക്കിയ കല്ലറയിലാണ് മൃതദേഹം സംസ്‌കരിച്ചത്. മൃതദേഹം ചുവന്ന പട്ട് തുണികൊണ്ട് മൂടി ഇരുത്തിയ നിലയിലാണ് കല്ലറയിൽ സംസ്‌കരിച്ചത്. മൃതദേഹം കല്ലറയിൽ ഇറക്കിയതിന് ശേഷം, ഭസ്മം, കർപ്പൂരം,സുഗന്ധ ദ്രവ്യങ്ങൾ എന്നിവയിട്ട് നിറച്ചു.
500 കിലോ ഭസ്മവും 50 കിലോ കർപ്പൂരവുമായിരുന്നു ചടങ്ങിന് വേണ്ടി ആദ്യം എത്തിച്ചത്. എന്നാൽ, ഇത് പോരെന്ന് കണ്ടതോടെ വീണ്ടും കൂടുതൽ ഭസ്മവും കർപ്പൂരവും കൂടി എത്തിക്കുകയായിരുന്നു.വിവിധ മഠത്തിലെ സന്യാസിമാരുടെ കാർമികത്വത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാമജപ യാത്രയായിട്ടാണ് വീട്ടിൽ എത്തിച്ചത്.
അതേസമയം, ‘ഋഷിപീഠം’ തീർത്ഥാടന കേന്ദ്രമാക്കുമെന്ന് കുടുംബം അറിയിച്ചു. അടുത്ത 41 ദിവസം സന്യാസിമാരുടെ നേതൃത്വത്തിൽ പൂജകൾ നടത്തുമെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഗോപന്റെ ഫോറൻസിക്, കെമിക്കൽ അനാലിസിസ്, ഹിസ്റ്റോ പത്തോളജിക്കൽ റിപ്പോർട്ടുകൾ ലഭിക്കാനുണ്ട്. ഇത് കൂടി ലഭിച്ചതിന് ശേഷമേ മരണത്തിൽ കൂടുതൽ വ്യക്തത വരൂ.
Discussion about this post