മുംബൈ : ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മയാണ് ക്യാപ്ടൻ. ശുഭ്മാൻ ഗിൽ വൈസ് ക്യാപ്ടന്റെ ചുമതല വഹിക്കും. മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടം ലഭിച്ചില്ല. ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും ടീമിലുണ്ടാകും. പേസ് ബൗളിംഗ് നിരയിൽ ഇവർക്ക് കൂട്ടായി അർഷദീപ് സിംഗും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഏറെക്കുറെ പ്രതീക്ഷിച്ച ടീം തന്നെയാണ് ചാമ്പ്യൻസ് ട്രോഫിക്ക് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. ടെസ്റ്റ് പരമ്പരയിലെ തോൽവി രോഹിത് ശർമ്മക്ക് ക്യാപ്ടൻ സ്ഥാനം നഷ്ടപ്പെടുത്തിയേക്കുമെന്ന് നിഗമനമുണ്ടായിരുന്നെങ്കിലും മാറ്റമൊന്നുമുണ്ടായില്ല. ഫെബ്രുവരി 20 നു ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഫെബ്രുവരി 23 ന് പാകിസ്താനെതിരേയും മാർച്ച് 2 ന് ന്യൂസിലൻഡിനെതിരേയുമാണ് അടുത്ത മത്സരങ്ങൾ. ഈ മത്സരങ്ങളെല്ലാം ദുബായിലാണ് നടക്കുന്നത്. ചാമ്പ്യൻസ് ട്രോഫി പാകിസ്താനിലാണെങ്കിലും ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്ക് അയക്കാൻ സർക്കാർ അനുമതി ഇല്ലാത്തതിനാൽ നിഷ്പക്ഷ വേദിയായാണ് ദുബായ് പരിഗണിക്കപ്പെട്ടത്.
1998 ൽ കെനിയയിൽ നടന്ന ആദ്യ ചാമ്പ്യൻസ് ട്രോഫിയിൽ കപ്പ് നേടിയത് ന്യൂസിലൻഡ് ആണ്. ഫൈനലിൽ ഇന്ത്യയെ ആണ് പരാജയപ്പെടുത്തിയത്. 2002 ൽ ശ്രീലങ്കയിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയും ശ്രീലങ്കയും സംയുക്ത ജേതാക്കളായി. 2004 ൽ വെസ്റ്റ് ഇൻഡീസും 2006 ൽ ഓസ്ട്രേലിയയും കപ്പ് നേടി.2009 ൽ ഓസ്ട്രേലിയ വീണ്ടും ചാമ്പ്യന്മാരായപ്പോൾ 2013 ൽ ഇന്ത്യയും 2017 ൽ പാകിസ്താനുമാണ് കപ്പ് നേടിയത്. ഇന്ത്യ ഇതുവരെ രണ്ടു വട്ടം ചാമ്പ്യന്മാരും രണ്ടു വട്ടം ഫൈനലിലുമെത്തിയിരുന്നു.
ടീം ഇങ്ങനെ .. രോഹിത് ശർമ്മ ( ക്യാപ്ടൻ ) , ശുഭ്മാൻ ഗിൽ ( വൈസ് ക്യാപ്ടൻ ) , വിരാട് കോഹ്ലി , ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ , ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്. ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, അർഷദീപ് സിംഗ്, യശസ്വി ജയ്സ്‌വാൾ , ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ
Discussion about this post