പാലക്കാട്: മണ്ണാർക്കാട് നോമ്പുകഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. മണ്ണാർക്കാട് പട്ടികജാതി പട്ടിക വകുപ്പ് പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോണാണ് വിധി പറഞ്ഞത്. തോട്ടര സ്വദേശി നബീസ കൊല്ലപ്പെട്ട കേസിൽ കൊച്ചു മകൻ ബഷീർ, ഭാര്യ ഫസീല എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
കൊലക്കുറ്റം, തെളിവ് നശിപ്പിക്കൽ, ഗൂഡാലോചന എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അതിക്രൂര കൊലപാതകമെന്ന് കോടതി കണ്ടെത്തിയത്. എട്ട് വർഷം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേസിൽ വിധി വന്നത്.
2016 ജൂൺ 23നായിരുന്നു അതിക്രൂരമായ കൊലപാതകം നടന്നത്. പ്രതികൾ താമസിക്കുന്ന വീട്ടിൽ നോമ്പ് തുറക്കാനായി നബീസയെ വിളിച്ചുവരുത്തിയാണ് കൊല നടത്തിയത്. നോമ്പിൽ വിഷം കലർത്തി കുടിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹത്തോടൊപ്പം ലഭിച്ച കുറിപ്പ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.
Discussion about this post