എറണാകുളം: ആസിഫ് അലി നായകനായെത്തുന്ന ആഭ്യന്തര കുറ്റവാളി എന്ന ചിത്രത്തെ തകർക്കാനായി കെട്ടിച്ചമച്ച വ്യാജ കേസിൽ നിയമനടപടികളുമായി മുന്നോട്ട് പോവുമെന്ന് ചിത്രത്തിന്റെ നിറമാതാവ് നൈസാം സലാം. ചില വ്യക്തികളുടെ സ്വാർത്ഥ താൽപ്പര്യങ്ങളും ഗൂഢാലോചനയുടെയും ഭാഗമായാണ് തനിക്കെതിരെയും ആസിഫ് അലി ഉൾപ്പെടെയുള്ള മറ്റു അണിയറ പ്രവർത്തകരുടെയും പേരിൽ വ്യാജ പരാതികൾ പല കോടതികളിലായി സമർപ്പിച്ചത്. പരാതികളിൽ ചിത്രത്തിന്റെ റിലീസ് സ്‌റ്റേ ചെയ്‌തെങ്കിലും തന്റെ നിയമപോരാട്ടങ്ങൾക്കൊടുവിൽ എറണാകുളം ജില്ലാ കോടതി ഈ സ്‌റ്റേ റദ്ദാക്കിയതായും നൈസാം പറയുന്നു. ചിത്രത്തിനെതിരെ വ്യാജ കേസുകൾ കെട്ടിച്ചമച്ചവർക്കെതിരെ നിയമപരമായി ഇനിയും മുന്നോട്ട് പോവുമെന്നും സിനിമ എത്രയും വേഗം തീയറ്ററുകളിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024 ആഗസ്റ്റ് 5ന് ആരംഭിച്ച ആഭ്യന്തര കുറ്റവാളിയുടെ ചിത്രീകരണം ഒക്ടോബറിൽ പൂർത്തിയായിരുന്നു. ആസിഫ് അലിയുടെ മനോഹരമായ കുടുംബചിത്രം പ്രേക്ഷകരിൽ എത്തിക്കാനാണ് താനും തന്റെ ടീം അംഗങ്ങളും പരിശ്രമിക്കുന്നത്. 2025 ജനുവരിയിൽ ചിത്രം റിലീസ് ചെയ്യാനായിരുന്നു ഉദ്ദേശം. എന്നാൽ, ഈ ചിത്രത്തിനെതിരെ ചില വ്യക്തികളുടെ സ്വാർത്ഥ താൽപ്പര്യങ്ങളും ഗൂഢാലോചനയുടെയും ഭാഗമായി തനിക്കെതിരെയും ആസിഫ് അലി ഉൾപ്പെടെയുള്ള മറ്റു അണിയറ പ്രവർത്തകരുടെയും പേരിൽ വ്യാജ പരാതികൾ പല കോടതികളിലായി സമർപ്പിച്ചു. ഇതിനെ തുടർന്ന് ചിത്രത്തിന്റെ റിലീസ് ഏതാനും ആഴ്ചകൾക്കു മുൻപ് തടഞ്ഞിരുന്നു.
ആലപ്പുഴ സ്വദേശിയായ അനീഷ് പികെ, ഹരിപ്പാട് സ്വദേശിയായ വിവേക് വിശ്വനാഥൻ നായർ എന്നിവരാണ് സാമ്പത്തിക തട്ടിപ്പ് എന്ന പേരിലുള്ള വ്യാജ ആരോപണങ്ങൾ തനിക്കെതിരെ ഉന്നയിച്ചത്. ഈ ആരോപണങ്ങൾക്കെതിരെ നിയമപരമായി പോരാടാനായിരുന്നു തങ്ങളുടെ തീരുമാനം. തന്റെ നിയമപോരാട്ടങ്ങൾക്കൊടുവിൽ അനീഷ് പികെ ചിത്രത്തിനെതിരെ സമ്പാദിച്ച സ്റ്റേ എറണാകുളം ജില്ലാ കോടതിയും വിവേക് വിശ്വനാഥൻ നായർ സമ്പാദിച്ച സ്റ്റേ എറണാകുളം സബ്‌കോടതിയും റദ്ദാക്കി. ഈ വ്യക്തികളുമായി തനിക്ക് ഒരു ബന്ധവുമില്ല. ഈ വ്യാജ പ്രചാരണങ്ങൾ മൂലവുവും വ്യക്തി ഹത്യ മൂലവും താനും ഈ സിനിമയിലെ ടീമംഗങ്ങളും അനുഭവിച്ച യാതനകൾക്കും തെറ്റു ചെയ്യാതെ ഞങ്ങൾക്കുണ്ടായ ദുഷ്‌പേരിനും കാരണമായവർക്കെതിരെ ഇനിയും തങ്ങൾ നിയമപോരാട്ടങ്ങൾ തുടരും. ചിത്രം ഉടൻ തന്നെ തീയറ്ററുകളിലെത്തുമെന്നും നൈസാം വ്യക്തമാക്കി.
നവാഗതനായ സേതുനാഥ് പത്മകുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്നത്. പുതുമുഖ താരം തുളസിയാണ് ചിത്രത്തിലെ നായിക. ജഗദീഷ്, ഹരിശ്രീ അശോകൻ, പ്രേം കുമാർ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ‘ആഭ്യന്തര കുറ്റവാളി’യിലുണ്ട്.
Discussion about this post