എറണാകുളം: കളമശ്ശേരി കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്റ്റിനിടെ നടന്ന ദുരന്തത്തിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘം കളമശ്ശേരി മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
മുൻ പ്രിൻസിപ്പൽ ദീപക് കുമാർ സാഹു അടക്കം മൂന്നു പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. അദ്ധ്യാപകരായ ഗിരീഷ് കുമാർ തമ്പി, എൻ. ബിജു എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്. മനപ്പൂർവമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്. മുൻ രജിസ്ട്രാറെ കേസിൽ പ്രതി ചേർക്കേണ്ട സാഹചര്യമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
ദുരന്തം സംഭവിച്ച് ഒരു വർഷം കഴിഞ്ഞപ്പോഴാണ് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്. പോലീസ് സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് കൈമാറുന്നതിൽ കോളേജ് അധികൃയർക്ക് വീഴ്ച്ച സംഭവിച്ചെന്ന ആരോപണം ഉയർന്നിരുന്നു.
2023 നവംബർ 25ന് കുസാറ്റ് ക്യാംപസിൽ നടന്ന ടെക്ക് ഫെസ്റ്റിനിടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. സംഗീതനിശ നടക്കുന്ന ഓപ്പൺ എയർ ഓഡിറ്റോറിയത്തിന് ഉൾക്കൊള്ളാവുന്നതിലും അധികം ആളുകൾ എത്തിയതോടെ, തിരക്ക് നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാവുകയായിരുന്നു. മഴ കൂടി പെയ്തതോടെ, കൂടുതൽ ആളുകൾ ഓഡിറ്റോറിയത്തിനുള്ളിലേക്ക് ഇരച്ച് കയറി. തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ, പരിപാടി വലിയ ദുരന്തത്തിൽ കലാശിക്കുകയായിരുന്നു. ഓഡിറ്റോറിയത്തിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് പോകാനും ഒരു ഗെയിറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതും ദുരന്തത്തിന്റെ തീവ്രത കൂട്ടി.
കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ അതുൽ തമ്പി (24), പറവൂർ ചേന്ദമംഗലം കുറുമ്പത്തുരുത്ത് സ്വദേശിനി ആൻ റിഫ്റ്റ (20), കോഴിക്കോട് താമരശ്ശേരി കോരങ്ങാട് തൂവക്കുന്നുമ്മൽ സ്വദേശി സാറ തോമസ് (20), പാലക്കാട് മുണ്ടൂർ എഴക്കാട് കോട്ടപ്പള്ള തൈപറമ്പിൽ വീട്ടിൽ ആൽബിൻ ജോസഫ് (23) എന്നിവരാണ് മരിച്ചത്.
Discussion about this post