കോഴിക്കോട്: പുതുപ്പാടിയിൽ അമ്മയെ വെട്ടിക്കൊന്ന കേസിലെ പ്രതി ആഷിഖിന്റെ മൊഴി പുറത്ത്. ജന്മം നൽകിയതിനുള്ള ശിക്ഷയാണ് അമ്മയ്ക്ക് നൽകിയതെന്നാണ് ആഷിഖ് പറയുന്നത്. അതേസമയം കൊല്ലപ്പെട്ട സുബൈദയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.
സുബൈദയെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെ ആഷിഖ് വീട്ടിൽ കയറി വാതിൽ അടച്ച് ഇരിക്കുകയായിരുന്നു. ഇവിടെ നിന്നും നാട്ടുകാരാണ് ആഷിഖിനെ പിടികൂടി പോലീസിനെ ഏൽപ്പിച്ചത്. ഈ വേളയിൽ ആയിരുന്നു അമ്മയെ കൊലപ്പെടുത്തിയതിന്റെ കാരണം ആഷിഖ് വ്യക്തമാക്കിയത്. ജന്മം നൽകിയതിനുള്ള ശിക്ഷ ഞാൻ നടപ്പാക്കി എന്നായിരുന്നു ആഷിഖിന്റെ വാക്കുകൾ.
നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സുബൈദയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് തന്നെ ബന്ധുക്കൾക്ക് കൈമാറും. പോലീസ് കസ്റ്റഡിയിലുള്ള ആഷിഖിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടര മണിയോടെ ആയിരുന്നു കേരളത്തെ ഞെട്ടിച്ച കൊലപാതകം ഉണ്ടായത്. ബ്രെയിൻ ട്യൂമർ ബാധിച്ച സുബൈദ സഹോദരിയുടെ വീട്ടിൽ വിശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ഏറെ നാളായി ബംഗളൂരുവിലെ ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന ആഷിഖ് ഇവിടെ എത്തിയത്. അയൽവീട്ടിൽ നിന്നും വെട്ടുകത്തി വാങ്ങിയായിരുന്നു സുബൈദയെ ആഷിഖ് കൊന്നത്.
Discussion about this post