ഫ്രൂട്ട് സലാഡ് ഇഷ്ടമല്ലാത്ത ആളുകൾ വളരെ കുറവായിരിക്കും. വിവിധ തരത്തിലുള്ള പഴവർഗങ്ങൾ മിക്‌സ് ചെയ്ത് അതിലേക്ക് ഐസ്‌ക്രീമും ചേർത്തുള്ള ഫ്രൂട്ട് സലാഡിന് ഫാൻസ് ഏറെയാണ്. കുട്ടികൾക്കും ഫ്രൂട്ട് സലാഡ് ഇഷ്ടമാണ്.
എന്നാൽ, ഫ്രൂട്ട് സലാഡ് ആണല്ലോ എന്നും പറഞ്ഞ്, ലോകത്തിലെ എല്ലാ ഫ്രൂട്ട്‌സും ഒന്നിച്ച് ചേർക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നുള്ളതാണ് സത്യാവസ്ഥ. ചില പഴങ്ങൾ തമ്മിലുള്ള കോമ്പിനേഷൻ ആരോഗ്യത്തിന് വലിയ ദോഷം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. പഴങ്ങളിലെ ആസിഡുകൾ, എൻസൈമുകൾ, മറ്റ് സംയുക്തങ്ങൾ എന്നിവ കൂടിച്ചേരുമ്പോഴുണ്ടാവുന്ന പ്രതിപ്രവർത്തനമാണ് പ്രതികൂലമായി ബാധിക്കുന്നത്. പ്രത്യേകിച്ചും കുട്ടികൾക്കും ജീവിത ശൈലീ രോഗങ്ങൾ ഉള്ളവർക്കും മിക്സഡ് ഫ്രൂട്ട് വിഭവങ്ങൾ നൽകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.
ശരീരത്തിന് വളരെ നല്ലതാണ് തണ്ണി മത്തൻ. എന്നാൽ, മറ്റ് പഴങ്ങളുമായി ചേർത്ത് തണ്ണിമത്തൻ കഴിക്കുന്നത് വലിയ തെറ്റാണ്. തണ്ണിമത്തനിലെ ഉയർന്ന ജലാംശവും പ്രത്യേക എൻസൈമുകളും മറ്റ് പഴങ്ങളുമായി കൂടിച്ചേരുമ്പോൾ ദഹന പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ, തണ്ണിമത്തൻ എപ്പോഴും ഒറ്റക്ക് കഴിക്കുന്നതാണ് നല്ലത്. അതുപോലെ തന്നെ ഒന്നിച്ച് കഴിച്ചാൽ, നല്ലതല്ലാത്ത ഒന്നാണ് നാരങ്ങയും പപ്പായയും. ഇതും രണ്ടും ഒന്നിച്ച് കഴിക്കുന്നതും ദഹനപ്രശ്‌നങ്ങൾക്ക് കാരണമാകും. പപ്പായയിലെ എൻസൈമും നാരങ്ങയിലെ ആസിഡുകളും കൂടികലരുന്നത് ദഹനപ്രശ്‌നങ്ങൾക്കും അസിഡിറ്റിക്കും കാരണമാവും.
മധുരമുള്ള പഴങ്ങളും അസിഡിറ്റിയുള്ള പഴങ്ങളും ഒരുമിച്ച് കഴിക്കുന്നതും നല്ലതല്ല. പൈനാപ്പിൾ, സ്ട്രോബറി മുതലായവും വാഴപ്പഴം, പീച്ച് തുടങ്ങിയവയും ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കുക. വിരുദ്ധമായ മറ്റ് രണ്ട് പഴങ്ങളാണ് വാഴപ്പഴവും പേരയ്ക്കയും. വാഴപ്പഴത്തിൽ അടങ്ങിയിട്ടുള്ള പ്രോട്ടീനും ഫൈബറും പേരയ്ക്കയിലെ വിറ്റാമിൻ സിയും ദോഷകരമായി രീതിയിൽ ശരീരത്തിൽ പ്രതിപ്രവർത്തനം നടത്തുന്നു.
അതുകൊണ്ട് തന്നെ ഫ്രൂട്ട് സലാഡ് പോലെയുള്ള മിക്‌സ് ഫ്രൂട്ട് വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
Discussion about this post