തൃശ്ശൂർ : തൃശ്ശൂർ കുന്നംകുളത്ത് നാലാം ക്ലാസ് വിദ്യാർത്ഥിക്ക് സ്കൂളിൽ നിന്നും ക്രൂര മർദ്ദനമേറ്റതായി പരാതി. കുന്നംകുളം ആർത്താറ്റ് ഹോളിക്രോസ് സ്കൂളിലെ വൈസ് പ്രിൻസിപ്പാളിനെതിരെ ആണ് പരാതി ഉയർന്നിട്ടുള്ളത്. കളിക്കുന്നതിനിടെ സഹപാഠിക്ക് മേൽ മണ്ണ് വാരി എറിഞ്ഞതിനാണ് നാലാം ക്ലാസുകാരനായ വിദ്യാർത്ഥിക്ക് വൈദികനായ അധ്യാപകന്റെ മർദ്ദനമേറ്റത്.
സ്കൂളിലെ വൈസ് പ്രിൻസിപ്പാൾ ഫാദർ ഫെബിൻ കൂത്തൂർ ആണ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചത് എന്നാണ് പരാതി. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. കളിക്കുന്നതിനിടെ കുട്ടികൾ തമ്മിൽ പ്രശ്നമുണ്ടായതിനെത്തുടർന്ന് ഫാദർ ഫെബിൻ കുട്ടിയെ 100 മീറ്ററോളം ദൂരെയുള്ള സ്റ്റാഫ് റൂമിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയെന്നാണ് മാതാപിതാക്കൾ പരാതി നൽകിയിട്ടുള്ളത്.
സ്റ്റാഫ് റൂമിൽ വെച്ച് ഫാദർ ഫെബിൻ കുട്ടിയെ വടി ഉപയോഗിച്ച് തുടരെ അടിക്കുകയും കൈകളിൽ നുള്ളി പരിക്കേൽപ്പിക്കുകയും ചെയ്തു എന്നും പരാതിയിൽ പറയുന്നു. പിന്നീട് കുട്ടിയുടെ മാതാപിതാക്കൾ കുട്ടിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. അധ്യാപകനെതിരെ ജുവനെയ്ൽ ജസ്റ്റിസ് ആക്ട് പ്രകാരം കുന്നംകുളം പൊലീസ് കേസെടുത്തു.
Discussion about this post