മുംബൈ : ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെൻ്റിനുള്ള ഇന്ത്യൻ ടീമിൽ, വിക്കറ്റ് കീപ്പർ ബാറ്ററായി മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തണമെന്നാണ് കോച്ച് ഗൌതം ഗംഭീർ ആവശ്യപ്പെട്ടതെന്ന് റിപ്പോർട്ട്. എന്നാൽ ക്യാപ്റ്റൻ രോഹിത് ശർമ്മയും സെലക്ഷൻ കമ്മറ്റി ചെയർമാൻ അജിത് അഗാർക്കറും ഋഷഭ് പന്തിനായി വാദിച്ചതോടെ തീരുമാനം സഞ്ജുവിന് പ്രതികൂലമാവുകയായിരുന്നു. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളെ തുടർന്നാണ് സെലക്ഷൻ കമ്മറ്റി യോഗം പ്രതീക്ഷിച്ചതിലും നീണ്ടതെന്നും റിപ്പോർട്ടുണ്ട്.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ടീം പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പ്രതീക്ഷിച്ചതിലും വൈകിയാണ് പിന്നീട് പ്രഖ്യാപനം ഉണ്ടായത്. പ്രധാനമായും രണ്ട് കാര്യങ്ങളിലായിരുന്നു ചർച്ച നീണ്ടത്. വിക്കറ്റ് കീപ്പർ ബാറ്റർ എന്ന റോളിൽ കെ എൽ രാഹുലും സഞ്ജു സാംസണും ഋഷഭ് പന്തുമായിരുന്നു പരിഗണിക്കപ്പെട്ടത്. ഇതിൽ ഏകദിന ലോകകപ്പിലടക്കം ഈ റോളിൽ മികച്ച പ്രകടനം കാഴ്ച വച്ച രാഹുലിനെ സ്വാഭാവികമായും ടീമിൽ നിലനിർത്താൻ തീരുമാനമായി. എന്നാൽ ശേഷിക്കുന്ന സ്ഥാനത്തേക്ക് സഞ്ജുവോ ഋഷഭ് പന്തോ എന്ന കാര്യത്തിൽ ചർച്ച ഏറെ നീണ്ടു. സഞ്ജുവിനെ ഉൾപ്പെടുത്തണമെന്ന് ഗംഭീർ വാദിച്ചപ്പോൾ ഋഷഭ് പന്തിന് വേണ്ടിയാണ് രോഹിത് ശർമ്മയും അജിത് അഗാർക്കറും നിലകൊണ്ടത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ കളിച്ച അവസാന ഏകദിനത്തിൽ സഞ്ജു സെഞ്ച്വറി നേടിയിരുന്നു. ഇതിന് പുറമെ ട്വൻ്റി 20യിൽ, ഒരു കലണ്ടർ വർഷത്തിൽ മൂന്ന് സെഞ്ച്വറികൾ നേടുന്ന ആദ്യ താരമെന്ന നേട്ടവും സഞ്ജു സ്വന്തമാക്കിയിരുന്നു. ഇതൊക്കെയാകാം ഗംഭീർ സഞ്ജുവിന് വേണ്ടി വാദിക്കാൻ കാരണമായത്. എന്നാൽ ഒടുവിൽ തീരുമാനം ഋഷഭ് പന്തിന് അനുകൂലമാവുകയായിരുന്നു.
ടീമിൻ്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഗംഭീർ നിർദ്ദേശിച്ചത് ഹാർദ്ദിക് പാണ്ഡ്യയുടെ പേരായിരുന്നു. എന്നാൽ രോഹിതും അഗാർക്കറും ശുഭ്മാൻ ഗില്ലിനായി നിലകൊണ്ടു. ഒടുവിൽ അവിടെയും ഗംഭീറിൻ്റെ താല്പര്യത്തെ മറികടന്ന് ഗില്ലിനെ തന്നെ വൈസ് ക്യാപ്റ്റനായി നിലനിർത്തി. ഓസ്ട്രേലിയൻ പര്യടനത്തിൽ ഗില്ലിൻ്റെ പ്രകടനം അവസരത്തിനൊത്ത് ഉയരാതിരുന്നതിനെ തുടർന്ന് മുൻ താരങ്ങളടക്കം വിമർശനവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ രോഹിതും കോഹ്ലിയും അടക്കമുള്ള മുതിർന്ന താരങ്ങൾ വിരമിക്കുന്നതോടെ ഇന്ത്യൻ ബാറ്റിങ്ങിൻ്റെ നെടും തൂണായി ടീം മാനേജ്മെൻ്റ് മുന്നിൽക്കാണുന്നത് ഗില്ലിനെയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേ തുടർന്നാണ് ഗില്ലിനെ വൈസ് ക്യാപ്ടനാക്കിയതെന്നാണ് നിഗമനം.
Discussion about this post