കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയിലെ തട്ടിക്കൊണ്ടു പോവൽ സംഭവങ്ങളിൽ സിപിഎമ്മിനെതിരേ രൂക്ഷ വിമർശനം ആവർത്തിച്ച് കൗൺസിലർ കല രാജു. തന്നെ തട്ടിക്കൈാണ്ട് പോയിട്ടില്ലെന്ന സിപിഎം വാദത്തെ തള്ളിയ കല രാജു ഇനി പാർട്ടിയുമായി സംസാരിക്കാനില്ലെന്നും വ്യക്തമാക്കി.
ജീവിതകാലം മുഴുവൻ പാർട്ടിയോടൊപ്പം ചിലവഴിച്ച തനിക്ക് കിട്ടിയ സമ്മാനമായാണ് ഈ സംഭവത്തെ കണക്കാക്കുന്നത്. കോൺഗ്രസ് പണം നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ തെളിവ് കാണിക്കട്ടെ. ഒരു പാർട്ടിയിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്നും കലാ രാജു വ്യക്തമാക്കി.
പൊതുജനം കഴുതയല്ലെന്ന് മനസിലാക്കണമെന്നും അവർ പറഞ്ഞു. ഇത്രയും ജനങ്ങൾക്കിടയിൽ നിന്നാണ് തന്റെ മുടിക്കുത്തിൽ പൊക്കിപിടിച്ച് വലിച്ച് കഴുത്തിൽ കുത്തിപിടിക്കുകയും അവളെ വണ്ടിയിലേക്കെറിയടാ എന്ന് പറയുകയും ചെയ്തത്. അത് ചെയ്തത് വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസാണ്. അവർ തന്നെ ആനയിച്ച് ചെയർപേഴ്സന്റെ സീറ്റിൽ കൊണ്ടിരിത്തിക്കൊണ്ടുപോയതല്ലെന്നും കലാ രാജു പറഞ്ഞു.
ബലം പ്രയോഗിച്ച് തന്നെ കൊണ്ടുപോയത് ഏരിയ കമ്മിറ്റി ഓഫീസിലേക്കാണെന്ന് നേരത്തെ കല രാജു വെളിപ്പെടുത്തിയിരുന്നു. അവിടെ വച്ച് വസത്രം വലിച്ചു കീറി. വളരെ മോശമായാണ് സിപിഎം പ്രവർത്തകർ പെരുമാറിയത്. പോലീസിന് വിഷയത്തിൽ ഇടപെടാമായിരുന്നു പക്ഷേ ഒന്നും ചെയ്തില്ലെന്നും കലാ രാജു കുറ്റപ്പെടുത്തി. നഗരസഭ ഭരണത്തിൽ പല കാര്യങ്ങളിലും തനിക്ക് എതിർപ്പുണ്ടായിരുന്നു. അതാണ് തന്റെ പാർട്ടിക്കാർ തന്നെ ആക്രമിക്കാൻ കാരണമായത്.
ചെയർപേഴ്സണും വൈസ് ചെയർപേഴ്സനും എതിരെ അവിശ്വാസപ്രമേയം ചർച്ച ചെയ്യാനിരിക്കെ, യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച സിപിഎം കൗൺസിലർ കലാ രാജുവിനെ സിപിഎം നേതാക്കൾ തന്നെ കടത്തി കൊണ്ടുപോവുകയായിരുന്നു.
അമ്മയെ കാണാനില്ലെന്ന് കാട്ടി കലയുടെ മക്കൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. പ്രതിഷേധങ്ങൾ തുടരവെ കാണാതായ കലാ രാജു സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ ഉണ്ടെന്ന് മക്കളെ നേതാക്കൾ അറിയിക്കുകയായിരുന്നു.
Discussion about this post