കണ്ണൂർ: തളിപ്പറമ്പിൽ ക്രെയിൻ മോഷണം പോയ സംഭവത്തിൽ പ്രതി പിടിയിൽ. എരുമേലി സ്വദേശി മാർട്ടിനാണ് പിടിയിലായത്. ഇയാൾ മോഷ്ടിച്ച ക്രെയിനും കണ്ടെത്തി. വ്യക്തി വൈരാഗ്യത്തെ തുടർന്നാണ് ക്രെയിൻ മോഷ്ടിച്ചത് എന്നാണ് മാർട്ടിന്റെ മൊഴി. കോട്ടയം രാമപുരത്ത് നിന്നായിരുന്നു ക്രെയിൻ കണ്ടെത്തിയത് എന്ന് പോലീസ് അറിയിച്ചു.
മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ ക്രെയിനാണ് കാണാതായത്. ഞായറാഴ്ച ആയിരുന്നു സംഭവം. രാത്രി റോഡരികിൽ നിർത്തിയിട്ടിരുന്ന ക്രെയിൻ നേരം വെളുത്തപ്പോൾ കാണാതെ ആകുകയായിരുന്നു. തുടർന്ന് പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിനിടെ ക്രെയിൻ ഓപ്പറേറ്റർ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ ക്രെയിനുമായി രണ്ട് പേർ കടന്നുകളയുന്നതായി വ്യക്തമാകുകയായിരുന്നു. ഇതിന് പിന്നാലെ പോലീസിൽ എഞ്ചിനീയർ പരാതിയും നൽകി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ആയിരുന്നു പ്രതികളെ പോലീസ് പിടികൂടിയത്.
മാർട്ടിന്റെ ഉടമസ്ഥതയിലുള്ള ക്രെയിൻ മുൻപ് ഇതേ കൺസ്ട്രക്ഷൻ കമ്പനി വാടകയ്ക്ക് എടുത്തിരുന്നു. ദേശീയപാത നിർമ്മാണത്തിനിടെ ഉണ്ടായ അപകടത്തിൽ വാടകയ്ക്ക് എടുത്ത ക്രെയിനിന് നാശനഷ്ടം സംഭവിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യത്തെ തുടർന്നായിരുന്നു ക്രെയിൻ മോഷ്ടിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു ഈ സംഭവം.
Discussion about this post