നോയിഡ: എയർ ഇന്ത്യ ജീവനക്കാരനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ. എയർ ഇന്ത്യ ജീവനക്കാരനായ സൂരജ് മാനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ശിക്കന്ദർ എന്നയാളാണ് പിടിയിലായത്. ഒരു വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ നോയിഡയിൽ വച്ചാണ് പിടികൂടിയത്. പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ ഇയാളുടെ കാലിന് വെടിയേറ്റതായ പോലീസ് അറിയിച്ചു. ഡൽഹിയിലെ മണ്ടോളി ജയിലിൽ കഴിയുന്ന ഗുണ്ടാസംഘം നേതാവ് കപിൽ മാൻ ആണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ വർഷം ജനുവരി 19നാണ് നോയിഡയിലെ സെക്ടർ 104 ലെ ജിമ്മിന് പുറത്ത് കാറിൽ വച്ച് സൂരജ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ജയിലിൽ കഴിയുന്ന കപിലും സൂരജ് മാന്റെ സഹോദരനായ പർവേഷ് മന്നും തമ്മിലുള്ള പ്രശ്‌നങ്ങളെ തുടർന്നായിരുന്നു കൊലപാതകം. സംഭവദിവസം രാത്രി ജിമ്മിന് പുറത്ത് കാറിൽ ഇരിക്കുകയായിരുന്ന സൂരജിന് നേരെ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു.
കപിലും പർവേഷും തമ്മിൽ ഏറെ നാളായി നിലനിൽക്കുന്ന പകയുടെ ഭാഗമായായിരുന്നു കൊലപാതകം. കപിലിന്റെ പിതാവിനെ പർവേഷും സഹായികളും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് ആരോപണം. പിതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യാനാണ് പർവേഷ് കപിലിന്റെ സഹോദരനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതെന്ന് ചോദ്യം ചെയ്യലിൽ സിക്കന്ദർ വെളിപ്പെടുത്തി.
നോയിഡയിലെ ഒരു ചെക്ക് പോയിന്റിൽ വച്ച് നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ പോലീസിനെ കണ്ട് നിർത്താതെ പോവുകയായിരുന്ന പ്രതിയെ പോലീസ് പിന്തുടരുകയകയിരുന്നു. പോലീസ് വളഞ്ഞതോടെ, ഇയാൾ പോലീസിന് നേരെ വെടിയുതിർത്തു. തുടർന്ന് നടന്ന ഏറ്റുമുട്ടലിന് പിന്നാലെയാണ് ഇയാളെ പോലീസ് കീഴ്‌പ്പെടുത്തിയത്. ഇയാളിൽ നിന്നും ഒരു പിസ്റ്റൾ, ഒരു കാട്രിഡ്ജ്, മോട്ടോർ സൈക്കിൾ എന്നിവയും പിടിച്ചെടുത്തു.
Discussion about this post