റിയാദ്: ഇസ്ലാമിക വിശ്വാസികളുടെ പ്രധാന ആരാധനാ കേന്ദ്രമായ മക്ക പ്രളയ ഭീഷണിയിൽ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിശക്തമായ മഴയാണ് നഗരത്തിൽ ലഭിക്കുന്നത്. ഇതേ തുടർന്ന് ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മക്കയ്ക്ക് പുറമേ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴയാണ് ലഭിക്കുന്നത്.
ഈ മാസം ആദ്യവാരം മക്കയിൽ ശക്തമായ മഴ പെയ്തിരുന്നു. ഇത് വലിയ ബുദ്ധിമുട്ട് ആയിരുന്നു ആളുകൾക്കുണ്ടാക്കിയത്. ശക്തമായ മഴയിൽ നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. വലിയ ഗതാഗത തടസ്സം ഉണ്ടായി. വീടുകളിൽ ഉൾപ്പെടെ വെള്ളം കയറുന്ന സ്ഥിതിവിശേഷം ആയിരുന്നു നഗരത്തിൽ. എന്നാൽ പിന്നീട് മഴയുടെ ശക്തി കുറഞ്ഞു. ഇതോടെ ആശ്വാസത്തിൽ ആയിരുന്നു ജനങ്ങൾ. എന്നാൽ പിന്നീട് വീണ്ടും അതിശക്തമായ മഴ ആരംഭിക്കുകയായിരുന്നു. മഴയ്‌ക്കൊപ്പം മിന്നൽചുഴലിയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഈ സാഹചര്യത്തിൽ ഇവിടുത്തെ ജനങ്ങൾ വലിയ ആശങ്കയിലാണ്.
മഞ്ഞ് വീഴ്ചയ്ക്ക് പിന്നാലെയാണ് സൗദി അറേബ്യയിൽ മഴ ആരംഭിച്ചത്. പതിവിൽ നിന്നും വ്യത്യസ്തമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ. മഴ ശക്തമായി തന്നെ തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച വരെ സൗദിയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്തിന്റെ വടക്ക്- കിഴക്ക് ഭാഗത്തായിട്ടാണ് ശക്തമായ മഴ ലഭിക്കുന്നത്. എന്നാൽ വരും ദിവസങ്ങളിൽ തെക്ക് പടിഞ്ഞാറ് ഭാഗത്തും മഴ ശക്തമാകും. മഴയ്‌ക്കൊപ്പം മഞ്ഞും പല ഭാഗങ്ങളിലും അനുഭവപ്പെടുന്നുണ്ട്.
ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്കായി കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാവരും സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണം എന്നും താഴ്‌വരകളിലേക്കും ബീച്ചുകളിലേക്കുമുള്ള യാത്ര ഒഴിവാക്കണം എന്നുമാണ് നിർദ്ദേശം. അതേസമയം മക്കയിലെ മഴ ഇസ്ലാമിക വിശ്വാസികളിൽ ആശങ്കയുളവാക്കിയിട്ടുണ്ട്.
Discussion about this post