ലക്‌നൗ: എല്ലാപരിപാടികളിലും ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് ആളുകൾ. എല്ലാ റാലികളും 100 ശതമാനം വിജയം. ബിജെപിയുടെ സ്റ്റാർ ക്യാമ്പയ്‌നർ ആയിരിക്കുകയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എതിർ പാർട്ടിയുടെ എല്ലാ പദ്ധതികളും പൊളിച്ചറിയുന്ന യോഗി ബിജെപിയുടെ ബ്രഹ്‌മാസ്ത്രം ആണെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ നൽകുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അദ്ദേഹം എത്തുന്ന മണ്ഡലങ്ങളിൽ പാർട്ടി വലിയ നേട്ടം ഉണ്ടാക്കുന്നതായി കണക്കുകൾ അവകാശപ്പെടുന്നു. ഉത്തർപ്രദേശിൽ മാത്രമല്ല, രാജ്യവ്യാപകമായി പടർന്നുകിടക്കുന്ന ഒന്നാണ് യോഗിയുടെ വ്യക്തിപ്രഭാവം. ഇതിന് ഉത്തമ ഉദാഹരണമാണ് മഹാരാഷ്ട്ര, ഹരിയാന, കശ്മീർ എന്നിവിടങ്ങളിൽ ബിജെപി നടത്തിയ മുന്നേറ്റം. തിരഞ്ഞെടുപ്പ് കാലത്ത് മൂന്നിടങ്ങളിലെയും ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ സജീവ സാന്നിദ്ധ്യം ആയിരുന്നു യോഗി. അദ്ദേഹം പ്രചാരണത്തിനായി എത്തിയ മണ്ഡലങ്ങളിൽ വോട്ട് വർദ്ധിപ്പിക്കാനും വിജയിക്കാനും ബിജെപിയ്ക്ക് കഴിഞ്ഞു. കുറിയ്ക്ക് കൊള്ളുന്ന പ്രസംഗങ്ങൾ കൊണ്ട് എതിർപാർട്ടിയുടെ തന്ത്രങ്ങൾ അദ്ദേഹം പൊളിച്ച് കളയുന്നുണ്ട്.
മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം നടത്തിയ പ്രസംഗത്തിൽ ‘ നമ്മൾ വിഭജിക്കപ്പെടുമെന്ന്’ പരാമർശിച്ചിരുന്നു. ഇത് ആളുകളിൽ ഉണ്ടാക്കിയ സ്വാധീനം വളരെ വലുതായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് ഫലം കാണിച്ചുതന്നു. ഹരിയാനയിൽ ബിജെപി അധികാരത്തിൽ വരാൻ നിർണായക ശക്തിയായി അദ്ദേഹം മാറി. കശ്മീരിലും സ്ഥിതി വ്യത്യസ്തമല്ല.
ജമ്മുവിൽ ബിജെപിയുടെ നാല് തിരഞ്ഞെടുപ്പ് റാലികളിൽ ആയിരുന്നു അദ്ദേഹം പങ്കെടുത്തത്. ഈ നാല് സീറ്റുകളിലും ബിജെപി വിജയിച്ചു. മഹാരാഷ്ട്രയിൽ 12 നിയമസഭാ മണ്ഡലങ്ങളിൽ ആയിരുന്നു യോഗി പ്രചാരണം നടത്തിയത്. ഈ സീറ്റുകളിൽ 11 എണ്ണവും ബിജെപിയ്ക്ക് ഒപ്പം നിന്നു. അതുകൊണ്ട് തന്നെ ഡൽഹി തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ ഇനിയും യോഗിയെ പ്രചാരണത്തിന് ഇറക്കാനാണ് ബിജെപിയുടെ തീരുമാനം.
അദ്ദേഹം പങ്കെടുക്കുന്ന റാലികളിലെ വലിയ ജനപങ്കാളിത്തം എടുത്ത് പറയേണ്ട ഒന്നാണ്. സംസ്ഥാനത്തിന് പുറത്തും ഇത് ദൃശ്യമാകുന്നു. അദ്ദേഹം പങ്കെടുക്കുന്ന എല്ലാ റാലികളും വലിയ വിജയമാണ് കൈവരിക്കുന്നത്.
Discussion about this post