എറണാകുളം; സംസ്ഥാനത്ത് എണ്ണക്കടികളുടെ ജിഎസ്ടിയിൽ ആശയക്കുഴപ്പം. ചായക്കടകളിലെയും ബേക്കറികളിലെയും എണ്ണക്കടികൾക്ക് വ്യത്യസ്ത ജിഎസ്ടിയാണ് സംസ്ഥാനത്ത് ഈടാക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ബേക്കറികൾ ആകട്ടെ ഇത് തോന്നും പോലെ ഈടാക്കുന്നതായും പരാതിയുണ്ട്.
പഴംപൊരിയ്ക്കും വടകൾക്കും 18 ശതമാനം ജിഎസ്ടിയാണ് ബേക്കറികളിൽ നിന്നും ഈടാക്കുന്നത്. ഉണ്ണിയപ്പത്തിന് അഞ്ചും, ചിപ്‌സിന് 12 ശതമാനവുമാണ് ജിഎസ്ടി. എന്നാൽ ചായക്കടയിൽ ഇത് കുറവാണ്. അഞ്ച് ശതമാനം ജിഎസ്ടിയാണ് ചായക്കടകളിൽ ഈടാക്കുന്നത്. അതുകൊണ്ട് തന്നെ ഉപഭോക്താക്കൾക്ക് ചായക്കടകളിൽ നൽകുന്നതിനേക്കാൾ ബേക്കറികളിൽ നിന്നും കഴിക്കുമ്പോൾ നൽകേണ്ടതായി വരുന്നു. ഇത് ഉപഭോക്താക്കളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.
ഹാർമണൈസ്ഡ് സിസ്റ്റം ഓഫ് നോമൻക്ലേച്ചർ കോഡ് വച്ചാണ് ഉത്പന്നങ്ങൾ തിരിച്ചറിയുന്നതും അതിന് നികുതി നിശ്ചയിക്കുന്നതും. ഇതാണ് ഈ ആശയക്കുഴപ്പത്തിന് കാരണം ആകുന്നത് എന്നാണ് വിവരം. ഇത് ഒരു പ്രശ്‌നം ആയി മാറിയപ്പോൾ ബേക്കേഴ്‌സ് അസോസിയേഷൻ ഈ കോഡ് പ്രകാരം 20 ഇനങ്ങളുടെ പട്ടിക തയ്യാറാക്കി ജിഎസ്ടി വിഭാഗത്തെ സമീപിച്ചു. എന്നാൽ 9 ഇനങ്ങളുടെ മാത്രം നികുതിയിലാണ് ഇവർക്ക് വ്യക്തത ലഭിച്ചത്.
Discussion about this post