തിരുവനന്തപുരം: വിദ്യാർത്ഥിനിയുടെ പരാതി പോലീസിൽ നിന്നും മറച്ചുവച്ച സ്‌കൂൾ അധികൃതർക്കെതിരെ കേസ് എടുത്ത് പോലീസ്. തിരുവനന്തപുരം നഗരത്തിലെ പ്രമുഖ സ്‌കൂളിനെതിരെയാണ് നടപടി. സ്‌കൂളിലെ അദ്ധ്യാപകൻ പ്രതിയായ സംഭവവാണ് സ്‌കൂൾ അധികൃതർ മറച്ചുവച്ചത്. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്.
സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയ്‌ക്കെതിരെയാണ് അതിക്രമം ഉണ്ടായത്. കൊമേഴ് അദ്ധ്യാപകനായ വട്ടിയൂർക്കാവ് സ്വദേശിയാണ് പ്രതി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടി അദ്ധ്യാപകനെതിരെ സ്‌കൂൾ അധികൃതർക്ക് പരാതി നൽകിയത്. എന്നാൽ ഈ വിവരം സ്‌കൂൾ അധികൃതർ പോലീസിനെ അറിയിച്ചില്ല. പിന്നീട് കുട്ടി വീട്ടിലെത്തി വിവരം രക്ഷിതാക്കളോട് പറയുകയായിരുന്നു. ഇതോടെയാണ് അമ്മ പോലീസിൽ പരാതി നൽകിയത്.
സ്‌കൂളിൽവച്ച് രണ്ട് തവണയാണ് കുട്ടി പീഡനത്തിന് ഇരയായത്. ആറ് മാസം മുൻപായിരുന്നു ആദ്യ സംഭവം. പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും സ്‌കൂളിൽ നിന്നും പുറത്താക്കുമെന്നും ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് കുട്ടി ഈ വിവരം മറച്ചുവയ്ക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച വീണ്ടും അദ്ധ്യാപകൻ കുട്ടിയെ ഭീഷണിപ്പെടുത്തി ഉപദ്രവിച്ചു. ഇതോടെ കുട്ടി വിവരം അദ്ധ്യാപകരെ അറിയക്കുയകയായിരുന്നു.
Discussion about this post