വയനാട്: പഞ്ചാരക്കൊല്ലിയിൽ നരഭോജികടുവയ്ക്കായുള്ള തിരച്ചിലിനിടെ ആർആർടി സംഘത്തിന് നേരെ മറ്റൊരു കടുവയുടെ ആക്രമണം. സംഭവത്തിൽ ആർആർടി അംഗം ജയസൂര്യയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
രാവിലെയോടെയായിരുന്നു സംഭവം. നരഭോജി കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു ജയസൂര്യയും സംഘവും. താറാട്ട് ഭാഗത്ത് ആയിരുന്നു പരിശോധന. 80 പേർ പത്ത് സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. ഇതിനിടെ അദ്ദേഹത്തിന് നേരെ കടുവയുടെ ആക്രമണം ഉണ്ടാകുകയായിരുന്നു.
ഉൾക്കാട്ടിൽവച്ചായിരുന്നു ആക്രമണം ഉണ്ടായത്. കരച്ചിൽകേട്ട് മറ്റ് സംഘങ്ങൾ എത്തിയപ്പോഴാണ് പരിക്കേറ്റ നിലയിൽ ജയസൂര്യയെ കണ്ടത്. അദ്ദേഹത്തെ ഉൾക്കാട്ടിൽ നിന്നും പുറത്തെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. പുറത്ത് എത്തിച്ചാൽ ഉടൻ തന്നെ അദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. ഇതിനായുള്ള സജ്ജീകരണങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. നരഭോജി കടുവയാണോ ആക്രമിച്ചത് എന്ന സംശയം ഉണ്ട്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.
അതേസമയം നരഭോജി കടുവയെ വീണ്ടും കണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന തുടരുകയാണ്.
Discussion about this post