പാലക്കാട്: നെന്മാറയിൽ അമ്മയെയും മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ചെന്താമരയ്‌ക്കെതിരെ നാട്ടുകാർ. പ്രതി കൊലപാതകം നടത്തുമെന്ന് തങ്ങൾക്ക് ഉറപ്പായിരുന്നുവെന്നും, അത് തടയുന്നതിനായി പോലീസിൽ പരാതി നൽകിയിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. പരാതിയിൽ പോലീസ് നടപടി സ്വീകരിച്ചില്ലെന്നും നാട്ടുകാർ ആരോപിച്ചു. പോത്തുണ്ടി സ്വദേശിയായ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരാണ് കൊല്ലപ്പെട്ടത്.
രണ്ട് മാസം മുൻപാണ് ചെന്താമര ജയിൽ മോചിതനായത്. നേരെ വീട്ടിലേക്ക് വരികയായിരുന്നു. ചെന്താമര ഒരു സൈക്കോ ആണ്. അതുകൊണ്ടാണ് ഭാര്യയും മക്കളും ഉപേക്ഷിച്ച് പോയത്. ഇയാൾ ജാമ്യത്തിൽ ഇറങ്ങിയതോടെ നാട്ടുകാർ ഭീതിയിൽ ആയി. ഇതോടെയാണ് പോലീസിൽ പരാതി നൽകിയത് എന്നാൽ പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല.
സുധാകരനെയും കുടുംബത്തെയും ചെന്താമര അപായപ്പെടുത്തുമെന്ന് ഉറപ്പായിരുന്നു. ഇതേ തുടർന്ന് ഇവർക്ക് സംരക്ഷണം നൽകുന്നതിനും പോലീസിനെ സമീപിച്ചിരുന്നു. ചിലരോടായി സുധാകരനെ കൊല്ലുമെന്ന് പ്രതി പറഞ്ഞിരുന്നു. ഇതോടെ ഭീതിയിൽ ആയിരുന്നു സുധാകരൻ കഴിഞ്ഞിരുന്നത്.
സുധാകരന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ചെന്താമര. ജയിലിലേക്ക് പോകുമ്പോൾ പുറത്തിറങ്ങിയാൽ സുധാകരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പോയത്. ഇയാളൊരു മാനസിക രോഗിയാണ്. പരാതി നൽകിയിട്ടും പോലീസ് അത് ഗൗരവത്തിലെടുത്തില്ല.
ബഹളം കേട്ട് വീട്ടിലേക്ക് ചെന്നപ്പോൾ സുധാകരൻ മരിച്ചു കിടക്കുകയായിരുന്നു. അമ്മയ്ക്ക് ജീവൻ ഉണ്ടായിരുന്നു. ഇതോടെ ആശുപത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും മരിച്ചു. റോഡിലായിരുന്നു മൃതദേഹം. വണ്ടിയിൽ നിന്നും വീണതാണെന്നാണ് കരുതിയത്. എന്നാൽ നോക്കിയപ്പോൾ വെട്ടുകൊണ്ട് കിടക്കുകയായിരുന്നു. ഇരുവർക്കും ആഴത്തിലുള്ള പരിക്കുണ്ടെന്നും നാട്ടുകാർ വ്യക്തമാക്കുന്നു.
അതേസമയം കൃത്യം നടത്തിയ ശേഷം ചെന്താരമ ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു. നിലവിൽ സുധാകരന്റെ അമ്മ മീനാക്ഷിയുടെ മൃതദേഹം മാത്രമാണ് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചിട്ടുള്ളത്. ചെന്താമരയെ പിടികൂടുന്നതുവരെ സുധാകരന്റെ മൃതദേഹം വീട്ടിൽ നിന്നും മാറ്റില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ.
Discussion about this post