ലക്‌നൗ: ഉത്തർപ്രദേശിൽ മതപരിപാടിയ്ക്കിടെ സ്‌റ്റേജ് തകർന്ന് വീണ് അപകടം. സംഭവത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ബഗ്പതിൽ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.
ജയ്ൻ കോളേജിൽ സംഘടിപ്പിച്ച പരിപാടിയ്ക്കിടെയാണ് അപകടം ഉണ്ടായത്. ജൈന നിർവാണ ആഘോഷ പരിപാടികൾ കോളേജ് ഗ്രൗണ്ടിൽ പുരോഗമിക്കുകയായിരുന്നു. ഗ്രൗണ്ടിലെ സ്റ്റേജിൽ ആദിനാഥിന്റെ പ്രതിമ സ്ഥാപിച്ചിരുന്നു. ഇതിൽ ആളുകൾ ലഡ്ഡു നേദിയ്ക്കുക ആയിരുന്നു. ഇതിനിടെയാണ് അപകടം ഉണ്ടായത്.
സംഭവ സമയം നിരവധി പേർ സ്റ്റേജിലും പരിസരങ്ങളിലുമായി ഉണ്ടായിരുന്നു. സ്റ്റേജിന് അടിയിൽ ധാരാളം പേർ അകപ്പെട്ടു. ഇവരിൽ അഞ്ച് പേരാണ് മരിച്ചത്. 41 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ചിലരുടെ പരിക്കുകൾ സാരമുള്ളതാണെന്നാണ് വിവരം. അതിനാൽ മരണസംഖ്യ ഉയരുമോയെന്ന ആശങ്കയുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post