പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര കോഴിക്കോട് എത്തിയതായി സൂചന. ഇയാളുടെ കൈവശമുള്ള മൊബൈൽ സിം ഓണയതിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട വിവരം പോലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.
രണ്ട് സിം കാർഡുകൾ പ്രതിയ്ക്കുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. ഇതിൽ ഒരു സിം ഓൺ ആയി. ഇതിൽ നിന്നും സിഗ്നലുകൾ പരിശോധിച്ചപ്പോഴാണ് പ്രതി കോഴിക്കോട് ഉള്ളതായി വ്യക്തമായത്. കോഴിക്കോട് തിരുവമ്പാടിയിലാണ് പ്രതി ഉള്ളത് എന്നാണ് സൂചന. ഇവിടെ നിന്നുള്ള സിഗ്നലുകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഇവിടുത്തെ ക്വാറിയിൽ പ്രതി കുറച്ചുകാലം ജോലി ചെയ്തിരുന്നു. കൃത്യത്തിന് ശേഷം ഇയാൾ ഇവിടേയേക്ക് കടന്നിരിക്കാമെന്നാണ് വിവരം.
ഫോൺ ഓൺ ആയതും അപ്പോൾ തന്നെ ഓഫ് ആക്കി. അതുകൊണ്ട് തന്നെ തുടർ സിഗ്നലുകൾ ശേഖരിക്കാൻ പോലീസിന് കഴിഞ്ഞില്ല. സിഗ്നൽ കിട്ടിയ സാഹചര്യത്തിൽ തിരുവമ്പാടി പോലീസിന് വിവരം കൈമാറിയിട്ടുണ്ട്.
അതേസമയം കൊല്ലപ്പെട്ട സുധാകരന്റെയും ലക്ഷ്മിയുടെയും മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനായി കൊണ്ടുപോയി. സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കി ഉച്ചയോടെയായിരുന്നു മൃതദേഹങ്ങൾ ശ്മശാത്തിലേക്ക് കൊണ്ടുപോയത്. ഇരുവരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയായതിന് പിന്നാലെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുകയായിരുന്നു. ഇരുവരുടെയും ശരീരത്തിൽ ആഴത്തിലുള്ള ധാരാളം മുറിവുകൾ ഉണ്ടെന്നാണ് വിവരം.
Discussion about this post