ഒരു നാടിന്റെ നിലനിൽപ്പിന് വികസനം അനിവാര്യമായ ഘടകമാണ്. നാട് വളരുന്നതിന്റെ ഭാഗമായി പലപ്പോഴും അവിടെ അധിവസിക്കുന്നവർ ചില ത്യാഗങ്ങളും വിട്ടുവീഴ്ചകളും ചെയ്യേണ്ടി വരും. വികസനപ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് ഭരണകൂടം ചിലപ്പോൾ പ്രദേശത്തെ ആളുകളെ മാറ്റിപാർപ്പിച്ചെന്നും വരാം. പദ്ധതിയുടെ ഭാവിയിലെ ഗുണഫലങ്ങൾ മനസിലാക്കി നഷ്ടപരിഹാരം വാങ്ങി സ്ഥലം വിട്ടുകൊടുക്കുക എന്നുള്ളതാണ് പലരും ചെയ്യാറുള്ളത്. ചിലരാകട്ടെ സംഘടിച്ച് അതിനെതിരെ പ്രശ്‌നമുണ്ടാക്കും.
നഷ്ടപരിഹാരമായി വലിയ തുക സർക്കാർ വാഗ്ദാനം ചെയ്തിട്ടും, തന്റെ പിടിവാശിയുടെ പേരിൽ അതൊന്നും സ്വീകരിക്കാത്തതിന് ഇപ്പോൾ കണ്ണീർവാർക്കുകയാണ് ചൈനക്കാരനായ ഹുവാങ് പിംഗ്. നഷ്ടപരിഹാരമായി ലഭിക്കുമായിരുന്ന കോടികളാണ് എഴുപതുകാരൻ വേണ്ടെന്ന് വ്ച്ചത്. ഫലമോ വലിയ ഹൈവേയുടെ ഒത്തനടുക്ക് കുഴിയിൽ താമസിക്കേണ്ട ഗതികേടിലാണ് ഇയാൾ.
ഷാങ്ഹായിലെ ജിങ്ക്‌സി എന്ന് നഗരത്തിലാണ് ഹുവാങ്ങിന്റെ വീട്. ഈ പ്രദേശത്തുകൂടി ഒരു ഹൈവേയുടെ നിർമ്മാണം പുരോഗമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വീട് ഒഴിയാൻ ഹുവാങ്ങ് തയ്യാറാകണമെന്നും 1.9 കോടി രൂപ നഷ്ടപരിഹാരമായി നൽകാമെന്നും ഭരണകൂടം അദ്ദേഹത്തെ അറിയിച്ചിരുന്നു. പകരം കണ്ണായ സ്ഥലത്ത് താമസസൗകര്യം ഒരുക്കി നൽകാമെന്ന് പറഞ്ഞിട്ടും ഇയാൾ സമ്മതിച്ചില്ല. പലതവണ ചർച്ച നടത്തിയിട്ടും ഫലവത്താകാതെ വന്നതോടെ ഇയാളുടെ സ്ഥലം ഒഴിവാക്കി അതിന് ചുറ്റിനും അധികൃതർ ഹൈവേ നിർമ്മാണം നടത്തി. താൻ വിജയിച്ചു എന്ന് കരുതിയ ഹുവാങിന് പിന്നീടാണ് കിട്ടിയ പണിയുടെ ആഴം മനസിലായത്. നിർമാണ പ്രവർത്തനങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദവും പൊടിപടലങ്ങളുമാണ് പ്രധാന പ്രശ്‌നമായത്. പകൽ സമയങ്ങളിൽ ചെറുമകനോടൊപ്പം പുറത്ത് മാറിനിൽക്കേണ്ട അവസ്ഥയിലായി കാര്യങ്ങൾ. സമീപത്തുള്ള പാലത്തിനടിയിൽകൂടി പൈപ്പ് ആകൃതിയിലുള്ള ഇടുങ്ങിയ വഴിയിലൂടെ മാത്രമേ വീട്ടിലെത്താനാവുകയുള്ളൂ.
റോഡ് സഞ്ചാരയോഗ്യമായി കഴിഞ്ഞാൽ നാല് ചുറ്റിലൂടെയും നിരന്തരം വാഹനങ്ങൾ പോകുന്നതിന്റെ ശബ്ദവും പുകയും രാത്രിയും പകലും സഹിച്ച് ഹുവാങ്ങിനും കുടുംബത്തിനും കഴിയേണ്ടി വരും.വീട് വിൽക്കാൻ തയ്യാറാണെങ്കിലും ആരും വാങ്ങാൻ താത്പര്യപ്പെട്ട് വരുന്നില്ല.
Discussion about this post