പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ ഇന്ന് കോടതിയിൽ ഹാജരാക്കും. വൈദ്യപരിശോധനകൾ പൂർത്തിയാക്കിയ ശേഷം രാവിലെയോടെയാകും ഇയാളെ പോലീസ് കോടതിയിൽ എത്തിക്കുക. നിലവിൽ ആലത്തൂർ ഡിവൈഎസ്പി ഓഫീസിലാണ് പ്രതിയുള്ളത്.
ഇയാളെ വിശദമായി ചോദ്യം ചെയ്യും. ഇതിന് ശേഷം ആയിരിക്കും പോലീസ് മറ്റ് നടപടികളിലേക്ക് കടക്കുക. നെന്മാറ സ്റ്റേഷനിലേക്ക് ആയിരുന്നു പിടിയിലായ ചെന്താമരയെ ആദ്യം എത്തിച്ചത്. എന്നാൽ ജനരോഷത്തെ തുടർന്ന് ഇവിടെ നിന്നും മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ആലത്തൂർ സ്‌റ്റേഷന് മുൻപിലും ആളുകൾ തടിച്ച് കൂടി.
വലിയ പ്രതിഷേധത്തിന് ആയിരുന്നു നെന്മാറ പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്. ജനരോഷം ഇരമ്പിയതോടെ പോലീസ് ലാത്തിവീശി. ഇതോടെയാണ് ജനങ്ങൾ പിരിഞ്ഞ് പോയത്. നീണ്ട 35 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടിയത്.
മാട്ടായി മേഖലയിൽ നിന്നാണ് ചെന്താമര പിടിയിലായത്. ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോകുന്നതിനിടെ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
Discussion about this post