പാലക്കാട്: അയൽവാസികളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ചെന്താമരയെ കുടുക്കിയത് വിശപ്പ്. പിടിയിലായതിന് പിന്നാലെ പോലീസുകാരോട് ഭക്ഷണം ആയിരുന്നു ഇയാൾ ആദ്യം ആവശ്യപ്പെട്ടത്. വിശന്ന് വലഞ്ഞ ഇയാൾക്ക് ഓടിരക്ഷപ്പെടാൻ പോലുമുള്ള ശേഷി ഉണ്ടായിരുന്നില്ല.
വിശപ്പ് സഹിക്കാൻ കഴിയാത്ത ആളാണ് ചെന്താമര എന്ന് സഹോദരൻ പോലീസിനോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചെന്താമരയുടെയും ഇയാളുടെ കുടുംബ വീട്ടിലേക്കുമുള്ള വഴിയിൽ പോലീസ് കാവലിരുന്നു. ആദ്യ കൊലയ്ക്ക് ശേഷം ഒളിവിൽ പോയ ഇയാൾ വിശന്ന് കുടുംബ വീട്ടിൽ ഭക്ഷണം കഴിക്കാൻ എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പോലീസ് കാത്തിരുന്നത്. പോലീസിന്റെ ഈ നിഗമനം തെറ്റിയതും ഇല്ല.
തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങിയെന്ന പ്രതീതി ഉണ്ടാക്കി പോലീസുകാർ വിവിധയിടങ്ങളിൽ ഒളിച്ചിരുന്നു. പോലീസ് പ്രദേശത്ത് ഇല്ലെന്ന് കരുതിയ ചെന്താമര വീട്ടിലേക്ക് നടക്കാൻ ആരംഭിച്ചു. തുടർന്ന് വയലിന്റെ നടുവിൽവച്ച് ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. വിശന്ന് അവശ നിലയിൽ ആയിരുന്നു ചെന്താമര. അതിനാൽ ഓടി രക്ഷപ്പെടാൻ ഇയാൾ തുനിഞ്ഞില്ല. ഇതോടെ പോലീസിനും പണി എളുപ്പമായി.
പിടിക്കപ്പെട്ടതോടെ വിശന്നിട്ട് വയ്യ എന്തെങ്കിലും കഴിക്കാൻ വേണം എന്ന് ചെന്താമര പറഞ്ഞു. ഇതോടെ പോലീസ് ഇഡ്ഡലിയും ഓംലൈറ്റും വാങ്ങി നൽകുകയായിരുന്നു. ഒട്ടും കൂസലില്ലാതെ ഇയാൾ അത് കഴിക്കുകയും ചെയ്തു.
Discussion about this post